Home / Kerala / ‘ഭർത്താവിനെ ആരോഗ്യവകുപ്പ് കൊന്നതാണ്,’ മെഡിക്കൽ കോളേജിൽ മരണപ്പെട്ട വേണുവിന്റെ ഭാര്യ സിന്ധു

‘ഭർത്താവിനെ ആരോഗ്യവകുപ്പ് കൊന്നതാണ്,’ മെഡിക്കൽ കോളേജിൽ മരണപ്പെട്ട വേണുവിന്റെ ഭാര്യ സിന്ധു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കൊല്ലം സ്വദേശിയായ വേണുവിന്റെ (48) ഭാര്യ സിന്ധു, തന്റെ ഭർത്താവിനെ ആരോഗ്യവകുപ്പ് കൊലപ്പെടുത്തിയതാണെന്ന് തുറന്നടിച്ച് രംഗത്ത്. ആശുപത്രിയിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു മരണത്തിന് തൊട്ടുമുമ്പ് സുഹൃത്തിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ഭാര്യയുടെ രൂക്ഷമായ ആരോപണങ്ങൾ.

കഴിഞ്ഞ ബുധനാഴ്ച രാത്രി 8.15 ഓടെയാണ് കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു മെഡിക്കൽ കോളേജിൽ വെച്ച് മരിക്കുന്നത്. ‘മാലാഖമാർ’ എന്ന് വിളിക്കപ്പെടുന്ന നഴ്‌സുമാരും ഡോക്ടർമാരും കടുത്ത അവഗണനയാണ് വേണുവിനോട് കാണിച്ചതെന്നാണ് സിന്ധുവിന്റെ പ്രധാന ആരോപണം.

“തലവേദനയെന്ന് പറഞ്ഞ് നഴ്‌സുമാരെ സമീപിച്ചാൽപ്പോലും അറിയില്ലെന്നാണ് മറുപടി. മാലാഖമാരെന്ന് വിളിക്കപ്പെടുന്ന നഴ്സുമാർ പ്രവർത്തിയിലും അത് കാണിക്കണം. എന്നാലങ്ങനെയല്ല അവർ ചെയ്തത്. ഫോണിൽ വിളിച്ചുപറഞ്ഞു, തലവേദനയാണ് വരണമെന്ന്. പക്ഷേ വന്നില്ല. അപ്പോഴേക്കും ഭർത്താവിന്റെ തലവേദന കൂടി. ഓട്ടോഡ്രൈവറായിരുന്നു അദ്ദേഹം. ആ വരുമാനത്തിലായിരുന്നു മുന്നോട്ട് പോയിരുന്നത്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥ കാരണമാണ് വേണു മരിച്ചത്,” സിന്ധു ആരോപിച്ചു.

വേണുവിന്റെ ശബ്ദസന്ദേശം

അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് നവംബർ ഒന്നിനാണ് വേണു മെഡിക്കൽ കോളേജിൽ എത്തിയത്. എന്നാൽ അവിടെ നേരിട്ട കടുത്ത അവഗണന വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിലൂടെ ലോകത്തെ അറിയിച്ചു.

ആശുപത്രിയിൽ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാൽ ഒരക്ഷരം മിണ്ടില്ലെന്നും, നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവർ തിരിഞ്ഞുനോക്കില്ലെന്നും വേണു സന്ദേശത്തിൽ പറയുന്നു.

“കൈക്കൂലിയുടെ കേന്ദ്രമാണിത്. എമർജൻസി ആൻജിയോഗ്രാം ചെയ്യാൻ വെള്ളിയാഴ്ച ഞാൻ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല,” വേണു ആരോപിച്ചു.

റൗണ്ട്സിനിടെ പരിശോധിക്കാൻ വന്ന ഡോക്ടറോട് ശസ്ത്രക്രിയയെക്കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല.

സാധാരണക്കാരുടെ ആശ്രയമാകേണ്ട മെഡിക്കൽ കോളേജുകൾ, “രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്” തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നും വേണു കുറ്റപ്പെടുത്തി.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറംലോകത്തെ അറിയിക്കണമെന്നും വേണു സുഹൃത്തിനോട് അഭ്യർത്ഥിച്ചിരുന്നു.

മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി

സംഭവത്തിൽ വേണുവിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനും പരാതി നൽകിയിട്ടുണ്ട്. ചികിത്സ നിഷേധിക്കുകയും കടുത്ത അവഗണന കാണിക്കുകയും ചെയ്ത ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാണ് സിന്ധുവിന്റെ ആവശ്യം.

പരാതിയിൽ ഡോക്ടർമാരായ അഭിഷേക്, സിബി മാത്യു എന്നിവരുടെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ആരോപണം. ഡോക്ടർമാർ വേണുവിന് ചികിത്സ നിഷേധിച്ചെന്നും അവഗണിച്ചതായും മരണത്തിന് ഉത്തരവാദികളായവർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വേണുവിന്റെ മരണകാരണം കണ്ടെത്തണമെന്നും സിന്ധു പരാതിയിൽ ആവശ്യപ്പെടുന്നു.

സൂപ്രണ്ടിന്റെ വിശദീകരണം തള്ളി കുടുംബം

അതേസമയം, വേണുവിനെ ചികിത്സിക്കുന്നതിൽ മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്നാണ് സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രൻ പ്രതികരിച്ചത്.

“വേണുവിന് ആൻജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. ക്രിയാറ്റിനിലും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നു. പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റി. പരമാവധി ചികിത്സ നൽകിയിരുന്നു,” സൂപ്രണ്ട് പറഞ്ഞു.

എന്നാൽ, ആശുപത്രി അധികൃതരുടെ ഈ വാദങ്ങൾ കുടുംബം പൂർണ്ണമായി തള്ളിക്കളയുകയാണ്. ആരോഗ്യവകുപ്പിന്റെ അനാസ്ഥയും ചികിത്സാ നിഷേധവുമാണ് വേണുവിന്റെ മരണത്തിന് കാരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിന്ധുവും കുടുംബവും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *