തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പ്രഖ്യാപിച്ചു. യുവജനങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള പട്ടികയിൽ കോർപ്പറേഷനിലെ 101 സീറ്റുകളിൽ 93 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള എട്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വാർത്താസമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.
കോര്‍പ്പറേഷൻ ഭരണം നിലനിര്‍ത്താൻ ലക്ഷ്യമിട്ട് പ്രമുഖരെ അണിനിരത്തിയാണ് എൽ ഡി എഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ കോര്‍പ്പറേഷൻ തരഞ്ഞെടുപ്പിന്‍റെ മത്സര ചിത്രം തെളിഞ്ഞു.
3 ഏരിയ സെക്രട്ടറിമാരടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെയടക്കം രംഗത്തിറക്കിയാണ് സി പി എം പോരാട്ടം പ്രഖ്യാപിച്ചത്. പേട്ടയിൽ മത്സരിക്കുന്ന എസ് പി ദീപക്, വഞ്ചിയൂരിൽ മത്സരിക്കുന്ന വഞ്ചിയൂർ ബാബു, ചാക്കയിൽ പോരിനിറങ്ങുന്ന ശ്രീകുമാർ, പുന്നയ്ക്കാമുഗളിലെ സ്ഥാനാർഥി ശിവജി ആർ പി, കുന്നുകുഴിയിലെ ബിനു ഐ പി, ജഗതിയിലെ പൂജപ്പുര രാധാകൃഷ്ണൻ എന്നിവരാണ് ശ്രദ്ധേയ സ്ഥാനാർഥികൾ. മേയർ ആര്യ രാജേന്ദ്രൻ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിനില്ല.
ഡെപ്യുട്ടി മേയർ പി കെ രാജുവിന്റെ മകൾ തൃപ്തി രാജ് സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കും. കവടിയാർ വാർഡിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ശബരിനാഥിനെതിരെ മുൻ കൗൺസിലർ എ സുനിൽ കുമാർ മത്സരിക്കും എന്നത് ശ്രദ്ധേയമാണ്. ശാസ്തമംഗലത്ത് ബിജെപി സ്ഥാനാർത്ഥി മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖയെ നേരിടുന്നത് അമൃത ആർ ആണ്.
നേരത്തെ കോണ്‍ഗ്രസും, ബി ജെ പിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 93 സീറ്റുകളിലാണ് എൽ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള എട്ടു സീറ്റിൽ പിന്നീട് പ്രഖ്യാപിക്കും.
പ്രഖ്യാപിച്ച 93 സീറ്റുകളിൽ, സിപിഐഎം 70 സീറ്റുകളിലും, സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ഘടകകക്ഷികളായ കെ മാണി ഗ്രൂപ്പും ആർജെഡിയും മൂന്ന് സീറ്റുകളിലും, ജെഡിഎസ് (ജനതാ ദൾ സെക്കുലർ) രണ്ട് സീറ്റുകളിലും, ഐഎൻഎൽ (ഇന്ത്യൻ നാഷണൽ ലീഗ്) ഒരു സീറ്റിലും മത്സരിക്കും.










