പിഎം ശ്രീ പദ്ധതി തുടർ നടപടികൾ നിറുത്തി വയ്ക്കാൻ കേരളം കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാനത്തെ പി.എം. ശ്രീ പദ്ധതിയുടെ കരാർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാരിന് കത്തയച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇന്ന് ഉച്ചയോടെ കത്തയച്ചത്.
ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ നിലപാട് കടുപ്പിച്ചതോടെ ഭരണകക്ഷിയായ സിപിഐ എമ്മും സർക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ (LDF) ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയായ സിപിഐ യുടെ സമ്മർദ്ദത്തിന് ഒടുവിൽ സർക്കാരിന് വഴങ്ങേണ്ടി വന്നു.
ഒക്ടോബർ 29 നായിരുന്നു കരാറിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനം എടുത്തിട്ടും വിദ്യാഭ്യാസ വകുപ്പ് കത്ത് ബോധപൂർവ്വം വൈകിപ്പിച്ചെന്ന ആക്ഷേപം ഉയർന്നിരുന്നു.
നേരത്തെ, വി. ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, കരാർ മരവിപ്പിക്കുന്ന കാര്യം വാക്കാൽ അറിയിച്ചൂവെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം വാക്കാൽ മാത്രം അറിയിക്കുന്നത് ശരിയാണോ എന്ന സംശയങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ യുടെ സമ്മർദ്ദത്തെ തുടർന്ന് ഇപ്പോൾ ഔദ്യോഗികമായി കത്ത് അയച്ചിരിക്കുന്നത്.
സ്ഥിരീകരിച്ച് ശിവൻകുട്ടി
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേരള സർക്കാർ തീരുമാനം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതായി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് കത്തയച്ചതെന്നും ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിഎം ശ്രീയിലെ സർക്കാർ നിലപാട് അറിയിച്ച ശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര മന്ത്രി മറുപടി നൽകിയിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു.
കരാറിൽ ഒപ്പിട്ട ശേഷം അതിൽ നിന്ന് പിൻമാറുന്ന സംസ്ഥാനത്തിൻ്റെ നടപടിയിൽ കേന്ദ്രസർക്കാർ എന്ത് വിശദീകരണമാണ് തേടുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. പദ്ധതിയിൽ ഒപ്പിട്ടതിന് സംസ്ഥാനത്തെ പ്രകീർത്തിച്ച് കേന്ദ്രം നേരത്തെ രംഗത്ത് വന്നിരുന്നു.










