വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ സുരേഷ് മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയേക്കും. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായി പ്രവർത്തിച്ച സുരേഷ്, അദ്ദേഹത്തിന്റെ നിഴലായി മലമ്പുഴയിൽ സജീവമായിരുന്നു. വി എസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലമത്രയും സുരേഷ് എപ്പോഴുമെന്ന വണ്ണം വി എസ്സിനെ അനുഗമിച്ചിരുന്നു.
കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നാരോപിച്ചാണ് 2013 ൽ എ സുരേഷിനെ അടക്കം വി എസിന്റെ മൂന്ന് വിശ്വസ്തരെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കാലക്രമേണ, പ്രത്യേകിച്ചും വി എസ്സിന്റെ വിയോഗത്തിന് ശേഷം ഇടതുപക്ഷവുമായി അകന്ന സുരേഷ് ഇത്തവണ കോൺഗ്രസ് പിന്തുണയുടെ ജനവിധി തേടുന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയാകും.
വി എസ് അച്യുതാനന്ദൻ പതിറ്റാണ്ടുകളോളം പ്രതിനിധീകരിച്ച മണ്ഡലമെന്ന നിലയിൽ മലമ്പുഴ സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ്. ആ കോട്ടയിൽ വി എസ്സിന്റെ തന്നെ പഴയ വിശ്വസ്തനെ രംഗത്തിറക്കുന്നതിലൂടെ അച്യുതാനന്ദനോട് അനുഭാവമുള്ളവരുടെയും യാഥാർത്ഥ ഇടതുപക്ഷ മനസ്സുള്ളവരുടെയും പിന്തുണ നേടിയെടുക്കാമെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്.
സിപിഎം വിട്ടതിനുശേഷം സുരേഷ് മലമ്പുഴയിലെ പ്രാദേശിക വികസന പ്രശ്നങ്ങളിലും ജനകീയ വിഷയങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. വി എസിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് സുരേഷ് വോട്ടു തേടുന്നത്. എന്നാൽ ഇത് രാഷ്ട്രീയ വഞ്ചനയാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. അതേസമയം, എന്തുകൊണ്ട് തന്നെ പാർട്ടി തിരിച്ചെടുത്തില്ല എന്ന മറുചോദ്യമാണ് സുരേഷ് ചോദിക്കുന്നത്. മലമ്പുഴയുടെ മണ്ണിൽ ചുവപ്പുവിജയം ആവർത്തിക്കുമെന്ന് എൽഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, സുരേഷിലൂടെ അട്ടിമറി വിജയം പ്രതീക്ഷിക്കുകയാണ് യുഡിഎഫ്.







