Home / Kerala / വിശാൽ വധക്കേസ്: 13 വർഷത്തിന് ശേഷം വിധി; 19 പ്രതികളെയും കോടതി വെറുതെ വിട്ടു

വിശാൽ വധക്കേസ്: 13 വർഷത്തിന് ശേഷം വിധി; 19 പ്രതികളെയും കോടതി വെറുതെ വിട്ടു

ചെങ്ങന്നൂർ വിശാൽ വധക്കേസിലെ മുഴുവൻ പ്രതികളെയും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പ്രതികളെയാണ് കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് കോടതി വിട്ടയച്ചത്. 2012 ജൂലൈ 16-ന് നടന്ന കൊലപാതകത്തിൽ 13 വർഷത്തെ ദീർഘമായ വിചാരണക്കൊടുവിലാണ് ജഡ്ജി പി.പി. പൂജ വിധി പ്രസ്താവിച്ചത്.

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ നവാഗതർക്ക് എബിവിപി നൽകിയ സ്വീകരണ പരിപാടിക്കിടെയാണ് കോന്നി എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ വിശാൽ (19) ആക്രമിക്കപ്പെട്ടത്. മാരകമായി പരിക്കേറ്റ വിശാൽ ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസമാണ് അന്തരിച്ചത്. വിശാലിനൊപ്പമുണ്ടായിരുന്ന വിഷ്ണു പ്രസാദ്, ശ്രീജിത്ത് എന്നിവർക്കും അന്ന് പരിക്കേറ്റിരുന്നു. കേസിൽ ആകെ 20 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ വിചാരണ ജുവനൈൽ കോടതിയിൽ തുടരുകയാണ്.

പ്രതികൾക്കെതിരെ ശക്തമായ തെളിവുകളും 55 സാക്ഷികളെയും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നുവെങ്കിലും കുറ്റം സംശയാതീതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. വിചാരണ വേളയിൽ പല സാക്ഷികളും കൂറുമാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥി സംഘടനകളിലെ പ്രവർത്തകരും കോടതിയിൽ മൊഴി മാറ്റിയതായി ആരോപണമുണ്ട്.

കോടതി വിധി നിരാശാജനകമാണെന്നും വിധിക്കെതിരെ ഉടൻ തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ അറിയിച്ചു. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നീതി ലഭിച്ചില്ലെന്നും പ്രതികളെ ശിക്ഷിക്കും വരെ നിയമപോരാട്ടം തുടരുമെന്നും എബിവിപി നേതൃത്വവും വിശാലിന്റെ കുടുംബവും പ്രതികരിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *