നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ നിർണായക കണ്ടെത്തലുകളുമായി പ്രോസിക്യൂഷൻ. ദിലീപ് തന്റെ ഫോണിൽ കാവ്യ മാധവന്റെ നമ്പറുകൾ സേവ് ചെയ്തിരുന്നത് യഥാർത്ഥ പേരിൽ ആയിരുന്നില്ലെന്നും, മറ്റു പല പേരുകളിൽ ആയിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഡിസംബർ എട്ടിനാണ് കേസിൽ വിധി വരുന്നത്. .
‘രാമൻ’, ‘ആർയുകെ അണ്ണൻ’, ‘മീൻ’, ‘വ്യാസൻ’ എന്നിങ്ങനെ നാല് പേരുകളിലായാണ് ദിലീപ് കാവ്യയുടെ നമ്പറുകൾ സേവ് ചെയ്തിരുന്നത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിലനിൽക്കെ, കാവ്യയുമായുള്ള ബന്ധം മറച്ചുവെയ്ക്കാനായിരുന്നു ഇതെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.
കൂടാതെ, ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയുടെ ഫോണിൽ ‘ദിൽ കാ’ (Dil Ka) എന്ന പേരിലാണ് കാവ്യയുടെ നമ്പർ സേവ് ചെയ്തിരുന്നത്. ഈ നമ്പറും ദിലീപ് തന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യരോട് വെളിപ്പെടുത്തിയതാണ് ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടാകാൻ കാരണമെന്നും, ഈ വൈരാഗ്യമാണ് ക്വട്ടേഷൻ നൽകുന്നതിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. കേസിന്റെ വാദത്തിനിടെ ഒട്ടെറെ വഴിത്തിരിവുണ്ടായി.










