Home / Kerala / നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി വൈകിട്ട്, അതിജീവിതയുടെ ട്രോമ മനസ്സിലാക്കണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി വൈകിട്ട്, അതിജീവിതയുടെ ട്രോമ മനസ്സിലാക്കണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന് വൈകിട്ട് 3.30-ന് പ്രഖ്യാപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രഖ്യാപിക്കുന്നത്. ശിക്ഷയിന്മേലുള്ള വാദം പൂർത്തിയായതിനെ തുടർന്നാണ് വിധി പ്രഖ്യാപനത്തിനുള്ള സമയം നിശ്ചയിച്ചത്. എട്ടാം പ്രതി നടൻ ദിലീപിനെ കേസിൽ കുറ്റ വിമുക്തനാക്കിയിരുന്നു.

ഒന്നാം പ്രതി പൾസർ സുനി (സുനിൽ), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം (വടിവാൾ സലിം), പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.

പ്രതികൾക്കെല്ലാം പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. ഇത് മനുഷ്യത്വ രഹിതമായ, മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും, പ്രതികൾക്ക് കൃത്യത്തിൽ തുല്യ പങ്കാളിത്തമുണ്ടെന്നും എല്ലാവർക്കും കടുത്ത ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതിജീവിത അനുഭവിക്കുന്ന ട്രോമ ഏവരും മനസ്സിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒന്നാം പ്രതി പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം വിശദമായി പരിശോധിച്ച കോടതി, സുനി മറ്റു പ്രതികളെപ്പോലെയല്ലെന്നും നിരീക്ഷിച്ചു. വിധിന്യായത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകുമെന്നും ജഡ്ജി പരാമർശിച്ചു.

ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ കോടതിയോട് അപേക്ഷിച്ചു. തനിക്ക് പ്രായമായ അമ്മയുണ്ടെന്ന് പൾസർ സുനി പറഞ്ഞപ്പോൾ, രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ആറാം പ്രതി പ്രദീപും കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ പൊട്ടിക്കരയുകയുണ്ടായി. വിധിന്യായം പൂർണമായും വായിച്ചശേഷം മാത്രമേ പുറത്തുള്ളവർ അഭിപ്രായം പറയാവൂ എന്നും കോടതി ഓർമ്മിപ്പിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *