എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ ദിലീപിനെ മാറ്റി. ദിലീപിനെ പങ്കെടുപ്പിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്ഷേത്രത്തെ വിവാദങ്ങൾക്ക് വേദിയാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് സ്വയം പിന്മാറുകയായിരുന്നുവെന്നുമാണ് ക്ഷേത്രോപദേശക സമിതിയുടെ വിശദീകരണം.
ജനുവരിയിൽ നടക്കാനിരിക്കുന്ന ഉത്സവത്തിന്റെ ഭാഗമായി നാളെ നടക്കാനിരുന്ന ചടങ്ങിലേക്കാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. ദിലീപിന്റെ ചിത്രം വെച്ചുള്ള നോട്ടീസ് പുറത്തിറങ്ങിയതോടെയാണ് വിവാദവുമുണ്ടായതും എതിർപ്പ് ശക്തമായതും. അധമനെ വിളിച്ചു വരുത്തി പൊതു സമൂഹത്തെ വെല്ലുവിളിക്കുന്നു തുടങ്ങിയ കമന്റ്കളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിനാണ് വിധി വന്നത്. വിചാരണക്കോടതി ഇയാളെ കുറ്റവിമുക്തനായിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന പരിപാടി ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ചടങ്ങിൽ ക്ഷേത്ര മേൽശാന്തിയായിരിക്കും കൂപ്പൺ ഏറ്റുവാങ്ങുക. ദിലീപ് ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകൻ എന്ന നിലയിലാണ് ക്ഷണിച്ചതെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം.










