Home / Featured / നടിയെ ആക്രമിച്ച കേസ്: സംഭവബഹുലമായ എട്ട് വർഷങ്ങൾ; കേരളം കാത്തിരുന്ന വിധി ഇന്ന്

നടിയെ ആക്രമിച്ച കേസ്: സംഭവബഹുലമായ എട്ട് വർഷങ്ങൾ; കേരളം കാത്തിരുന്ന വിധി ഇന്ന്

കേരള മനഃസാക്ഷിയെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. എട്ട് വർഷം നീണ്ടുനിന്ന നിയമ പോരാട്ടങ്ങൾക്കും വഴിത്തിരിവുകൾക്കും ഒടുവിലാണ് കേരളവും മലയാള സിനിമാ ലോകം ഉറ്റുനോക്കുന്ന കേസിൽ വിധി വരുന്നത്.

പ്രമുഖ നടൻ ദിലീപ് എട്ടാം പ്രതിയായ ഈ കേസിന്റെ നാൾവഴികൾ ഇങ്ങനെ. 2017 ഫെബ്രുവരി 17-ന് രാത്രി തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. ഓടുന്ന കാറിൽ വെച്ച് പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽ കുമാറും സംഘവും നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംവിധായകൻ ലാലിന്റെ വീട്ടിൽ അഭയം തേടിയ നടിയുടെ മൊഴിയിൽ അന്നുതന്നെ പോലീസ് കേസെടുത്തു.

ഫെബ്രുവരി 23 ന് കോടതിയിൽ കീഴടങ്ങാൻ എത്തിയ മുഖ്യപ്രതി പൾസർ സുനിയെ പോലീസ് കോടതി പരിസരത്ത് വച്ച് നാടകീയമായി അറസ്റ്റ് ചെയ്തു. സുനിയാണ് ക്വട്ടേഷൻ നടപ്പാക്കിയതെന്ന് വ്യക്തമായെങ്കിലും ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് നടൻ ദിലീപിലേക്കാണ്. 2017 ജൂലൈ 10-ന്, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യൽ. 85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ആക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടെന്ന ദിലീപിന്റെ വിശ്വാസമാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം നടി മഞ്ജുവിനെ അറിയിച്ചു എന്നതായിരുന്നു പകയ്ക്ക് കാരണമായി പോലീസ് ചൂണ്ടിക്കാട്ടിയത്.

കോടതി മുറിയിലെ നാടകീയ മുഹൂർത്തങ്ങൾ

വിചാരണ വേളയിൽ സിനിമാ മേഖലയിൽ നിന്നുള്ള പല പ്രധാന സാക്ഷികളും കൂറുമാറി. അതിജീവിതയുടെ അടുത്ത സുഹൃത്തായിരുന്ന നടി ഭാമ ഉൾപ്പെടെയുള്ളവർ മൊഴി മാറ്റിപ്പറഞ്ഞത് പ്രോസിക്യൂഷന് തിരിച്ചടിയായി.

തുടർന്ന് കേസ് ദുർബലമാകുന്നുവെന്ന് തോന്നിച്ച ഘട്ടത്തിലാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി എത്തിയത്. ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടെന്നും, ആക്രമണ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത് തുടരന്വേഷണത്തിന് വഴിവെച്ചു.

വിചാരണ വേളയിൽ ജഡ്ജി ഹണി എം. വർഗീസിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജി വെച്ചത് വലിയ വിവാദമായിരുന്നു. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പലതവണ മേൽക്കോടതികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

മെമ്മറി കാർഡ് വിവാദം

കോടതിയുടെ കസ്റ്റഡിയിലിരുന്ന കേസിലെ തൊണ്ടിമുതലായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടു എന്ന കണ്ടെത്തലും കേസിൽ കോളിളക്കം സൃഷ്ടിച്ചു. ഫോറൻസിക് പരിശോധനയിൽ കാർഡിന്റെ ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയത് കോടതി ജീവനക്കാർക്കെതിരെയും സംശയമുണർത്തി.

സമൂഹത്തിലുണ്ടാക്കിയ അലയൊലികൾക്ക് പുറമേ, മലയാള സിനിമയിലെ ലിംഗനീതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ കേസ് തുടക്കമിട്ടു. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘വിമൻ ഇൻ സിനിമ കളക്ടീവ്’ (WCC) രൂപീകരിക്കപ്പെട്ടു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചതും ഈ കേസിന്റെ പശ്ചാത്തലത്തിലാണ്.

ദീർഘകാലം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കും തെളിവ് നിരത്തലുകൾക്കും ഒടുവിൽ ഇന്ന് കോടതി വിധി പ്രസ്താവിക്കുമ്പോൾ അത് കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ തന്നെ സുപ്രധാന ഏടായി മാറും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *