നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ നിർണായക വിവരങ്ങൾ വിധി പ്രസ്താവത്തിന് ഒരാഴ്ച മുമ്പ് തന്നെ ചോർന്നതായി സംശയം. വിധി വരുന്നതിന് കൃത്യം ഒരാഴ്ച മുമ്പ് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് ലഭിച്ച ഒരു ഊമക്കത്തിൽ, വിധിയിലെ സുപ്രധാന വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഡിസംബർ എട്ടിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്. എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടിരുന്നു.
എട്ടാം പ്രതി ദിലീപ് (ഗോപാലകൃഷ്ണൻ), ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനൽകുമാർ എന്നിവരെ വെറുതെ വിടുമെന്നും ബാക്കിയുള്ള ആറ് പ്രതികൾക്കെതിരെ മാത്രമേ ശിക്ഷാവിധി ഉണ്ടാവുകയുള്ളൂവെന്നും കത്തിൽ പറയുന്നു. കോടതി വിധി വന്നപ്പോൾ കത്തിൽ പരാമർശിച്ച കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
വിധിന്യായം തയ്യാറാക്കിയ രീതിയെക്കുറിച്ചും കത്തിൽ ഗുരുതരമായ ആരോപണങ്ങളുണ്ട്. വിധിന്യായം ഒരു സഹായി വഴി തയ്യാറാക്കിയെന്നും, എട്ടാം പ്രതിയുടെ സുഹൃത്തായ ഹോട്ടൽ വ്യവസായിയെ (ശരത്) കാണിച്ച ശേഷം ഉറപ്പിച്ച തീയതിയിലാണ് വിധി പ്രസ്താവിച്ചതെന്നും കത്തിൽ പറയുന്നു. ഉന്നതരായ ചില ജഡ്ജിമാരുടെ പിന്തുണ ഇതിനുണ്ടെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.
കത്ത് ലഭിച്ച കാര്യം ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി സ്ഥിരീകരിച്ചു. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെയും രഹസ്യസ്വഭാവത്തെയും ബാധിക്കുന്ന വിഷയമായതിനാൽ, കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ട്. കത്തിന്റെ ഉറവിടം കണ്ടെത്താനും വിധി ചോർന്നുവെന്ന ആരോപണത്തിൽ വ്യക്തത വരുത്താനും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. ക്രിമിനൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടു. എന്നാൽ പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജേഷ്, വടിവാൾ സലിം, പ്രദീപ് എന്നീ ആദ്യ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിഞ്ഞത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം വെള്ളിയാഴ്ച നടക്കും.









