പാർട്ടി സീറ്റ് നിഷേധിച്ചുവെന്ന ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ മരണം പാർട്ടിക്ക് വേണ്ടി ജീവിക്കുന്നവരെ ബിജെപി തഴയുന്നുവെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ്. പാർട്ടിയിൽ സജീവമായിരിക്കുന്നവരുടെ പോലും ആശങ്കകൾക്ക് നേതൃത്വം വില കല്പിക്കുന്നില്ല എന്നതിന് അടുത്ത കാലത്തുണ്ടായ പ്രവർത്തകരുടെ ആത്മഹത്യകൾ സാക്ഷ്യം പറയുന്നു.
തിരുവനന്തപുരം കോർപറേഷൻ തൃക്കണ്ണാപുരം വാർഡിൽ ബിജെപി സീറ്റ് നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ആർഎസ്എസ് പ്രവർത്തകൻ തൃക്കണ്ണാപുരം പ്ലാവിള ജയ് നഗർ സരോവരത്തിൽ ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തത്. നാട്ടിലെ അറിയപ്പെടുന്ന സംരംഭകൻ കൂടിയായ ആനന്ദ്, പാർട്ടി ഇക്കുറി തനിക്ക് സീറ്റ് നൽകുമെന്ന് വിശ്വസിച്ചിരുന്നു. ഇതു ആനന്ദ് പലരോടും പങ്കു വയ്ക്കുകയും പാർട്ടിയിലെ ആനന്ദിന്റെ സുഹൃത്തുക്കൾ ഇതു വിശ്വസിക്കുകയും ചെയ്തിരുന്നു. ആർഎസ്എസ് ജില്ലാ നേതാക്കളോട് ആനന്ദ് സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം പങ്കു വച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥികളുടെ പേരുള്ള പാനലിൽ ആനന്ദ് ഉൾപ്പെട്ടിരുന്നില്ല. ശനിയാഴ്‌ചയായിരുന്നു ആനന്ദിന്റെ മരണം
സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം എളുപ്പമല്ലെങ്കിലും, സീറ്റ് നിഷേധിക്കപ്പെടുന്ന പ്രവർത്തകരുടെ വികാരം നേതൃത്വം അറിയാതെ പോകുന്നിടത്താണ് ബിജെപിയുടെ പരാജയം. പാർട്ടി പ്രവർത്തകരുമായി ബന്ധപ്പെട്ട മറ്റു ഗൗരവ വിഷയങ്ങളും നേതൃത്വം അവഗണിക്കുകയാണ്. ആനന്ദിന്റെ ആത്മഹത്യയ്ക്ക് തൊട്ടു പിന്നാലെയാണ് തിരുവനന്തപുരത്തെ ഒരു മഹിളാ മോർച്ച നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിലും ആർ എസ്എസിന്റെ ചില പ്രാദേശിക നേതാക്കൾ മോശമായി ചിത്രീകരിച്ചതിൽ വിഷമിച്ചുമാണ് ഐ ശാലിനി സനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയാണിവർ. ഞായറാഴ്ച പുലർച്ചെയായിരുന്നു ആത്മഹത്യ ശ്രമം.
നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ പനങ്ങോട്ടല വാർഡിൽ ശാലിനിയാണ് സ്ഥാനാർത്ഥിയെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചതിനെ തുടർന്ന് പോസ്റ്റർ അടിക്കാൻ തുടങ്ങിയിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. എന്നാൽ ശാലിനി സ്ഥാനാർത്ഥി ആയില്ല. ചില നേതാക്കൾ വ്യക്തിപരമായി അധിക്ഷേപിച്ചതോടെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി ആയെന്നും തനിക്ക് സീറ്റ് കിട്ടരുതെന്നും കിട്ടിയാലും ജയിക്കരുതെന്നാണ് അവരുടെ ആഗ്രഹമെന്നും ശാലിനി പറയുന്നു. പ്രവർത്തകർക്കിടയിലെ പ്രശ്നങ്ങളറിയാൻ നേതൃത്വം പരാജയപ്പെടുന്നതിലേക്കാണ് ശാലിനിയുടെ വാക്കുകൾ വിരൽ ചൂണ്ടുന്നത്.
സെപ്റ്റംബറിൽ ആത്മഹത്യ ചെയ്ത ബിജെപി വാർഡ് കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയാണ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ വെളിച്ചത്ത് കൊണ്ടു വന്നത്. അനിൽ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് അനിലിന് മരണത്തിന്റെ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും പല കാരണത്താൽ അവരുടെ തിരച്ചടവ് വൈകുന്നുവെന്നും അനിൽ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു. ഈ വിഷയത്തിലും കൃത്യമായൊരു നിലപാട് പാർട്ടി നേതൃത്വം സ്വീകരിച്ചില്ല.
ആനന്ദിന്റെ മരണത്തിൽ പാർട്ടി അംഗമായിരുന്നില്ല എന്നും ആനന്ദ് ശിവസേനയിൽ ചേർന്നിരുന്നുവെന്നുമുള്ള വാദങ്ങൾ പറഞ്ഞു ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാനാണ് നേതൃത്വം ശ്രമിച്ചത്.
ആനന്ദും അനിലും ഉയർത്തിയതിലും ഗുരുതുരമായ പ്രശ്നമാണ് അനന്തു അജി എന്ന ചെറുപ്പക്കാരനെ മരണത്തിലേക്ക് തള്ളി വിട്ടത്. ആർഎസ്എസ് നേതാവ് നിധീഷ് മുരളീധരൻ തനിക്ക് മൂന്നാല് വയസ്സ് ഉള്ളപ്പോൾ മുതൽ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഇൻസ്റ്റാ ഗ്രാമിൽ പോസ്റ്റ് ഇട്ട ശേഷമാണ് സോഫ്റ്റ് വെയർ എൻജിനിയറായ അനന്തു അജി ആത്മഹത്യ ചെയ്തത് . ഒക്ടോബറിലായിരുന്നു 26 കാരനായ കോട്ടയം സ്വദേശി അനന്തുവിന്റെ മരണം. ചെറു പ്രായത്തിലെ ആർഎസ്എസിൽ ചേർന്ന അനന്തു ആ പ്രസ്ഥാനമാണ് തന്റെ മാനസിക പ്രശ്നത്തിന് കാരണമെന്നും പറഞ്ഞിരുന്നു. ആർഎസ്എസിലെ മറ്റ് പലരും തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും അനന്തുവിന്റെ പോസ്റ്റിൽ പറയുന്നു. ആർഎസ്എസിനെ പീഡനനത്തിന്റെയും വെറുപ്പിന്റെയും കേന്ദ്രമായാണ് അനന്തു വിശേപ്പിച്ചത്.
എന്നാൽ മരണങ്ങൾക്ക് പോലും മനം മാറ്റം വരുത്താൻ കഴിയില്ലെന്ന ധാർഷ്ട്യത്തിൽ തുടരുകയാണ് ബിജെപി-ആർഎസ്എസ് നേതൃത്വം.
ലയന സജീവ്










