നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പേരാമ്പ്ര മണ്ഡലത്തിൽ വർഗീയ ചുവയുള്ള അനൗൺസ്‌മെന്റ് നടത്തിയെന്ന പരാതിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ മതപരമായ വിദ്വേഷം പടർത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചോ എന്ന് പരിശോധിച്ച ശേഷം വിശദീകരണം നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
എൽ.ഡി.എഫിന്റെ പ്രചാരണ വാഹനത്തിൽ നിന്ന് ‘ഖൗമിലെ കുട്ടി’ (സമുദായത്തിലെ കുട്ടി) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫാത്തിമ തഹ്ലിയക്കെതിരെ അനൗൺസ്‌മെന്റ് നടത്തിയെന്നാണ് പ്രധാന ആരോപണം. മുസ്ലിം ലീഗ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് വരുത്തിതീർക്കാനാണ് എൽ.ഡി.എഫ് ഇത്തരമൊരു പ്രചാരണം അഴിച്ചുവിട്ടതെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായത്.
അതേസമയം, ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം യു.ഡി.എഫ് ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും, വർഗീയ പ്രചാരണം എൽ.ഡി.എഫിന്റെ ശൈലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ അനൗൺസ്‌മെന്റുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയിലുണ്ടായ ‘കാഫിർ സ്‌ക്രീൻഷോട്ട്’ വിവാദത്തിന് സമാനമായ നീക്കമാണ് ഇപ്പോൾ പേരാമ്പ്രയിലും നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സംഭവത്തിൽ കെ.എസ്.യുവും യൂത്ത് കോൺഗ്രസും പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പേരാമ്പ്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഈ വിവാദത്തോടെ കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.










