നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ രാഷ്ട്രീയ പാർട്ടി ക്യാമ്പുകളിൽ സജീവമാകുന്നതിനിടെ, തിരുവനന്തപുരത്ത് സി.പി.എം എംഎൽഎ മാർ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നു. ജില്ലയിലെ പത്ത് മണ്ഡലങ്ങളിൽ നിലവിലുള്ള എം.എൽ.എമാരെ തന്നെ വീണ്ടും മത്സര രംഗത്തിറക്കാൻ പാർട്ടി നേതൃത്വം പ്രാഥമിക ധാരണയിലെത്തിയതായാണ് സൂചന. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മത്സരിച്ച പത്ത് സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ ജയിച്ചിരുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ പരിചയസമ്പന്നരായ ജനപ്രതിനിധികളെ തന്നെ മുൻനിർത്തി പോരാട്ടം നയിക്കാനാണ് പാർട്ടിയുടെ തീരുമാനം.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വര്‍ക്കല എംഎല്‍എ കൂടിയായ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയി വീണ്ടും മത്സരരംഗത്ത് എത്തുന്നതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആള് വരും. ഘടകകക്ഷികള്‍ക്ക് നല്‍കിയിരുന്ന കോവളം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും യോഗത്തില്‍ ചര്‍ച്ചയായി
തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് നേടിയ ആധിപത്യം നിലനിർത്തുക എന്ന വലിയ വെല്ലുവിളിയാണ് പാർട്ടിക്കുള്ളത്. വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും മണ്ഡലങ്ങളിലെ സ്വാധീനം നിലനിർത്തുന്നതിലും നിലവിലെ എം.എൽ.എമാർ വിജയിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പുതുമുഖങ്ങളെ പരീക്ഷിക്കുന്നതിന് പകരം ജനപിന്തുണയുള്ള സിറ്റിംഗ് എം.എ.ൽഎമാർക്ക് ഒരവസരം കൂടി നൽകുന്നത് വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം കരുതുന്നു.
കഴിഞ്ഞ തവണ നേടിയ മേൽക്കൈ ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. എന്നാൽ, ചില മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും രാഷ്ട്രീയ നിരീക്ഷണങ്ങളും നിലനിൽക്കെ, കരുത്തുറ്റ സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. നിലവിലെ എം.എൽ.എമാരുടെ പ്രവർത്തന റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. അതിനാൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകുന്നതോടെ മാത്രമേ ആരൊക്കെയാകും പത്ത് സീറ്റുകളിലും മത്സരിക്കുക എന്ന കാര്യത്തിൽ പൂർണ്ണമായ വ്യക്തത വരികയുള്ളൂ.










