സംസ്ഥാന നിയമസഭാ തിരഞ്ഞടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് 140 മണ്ഡലങ്ങളിലായി 1269 പത്രികകൾ ലഭിച്ചു. പ്രമുഖ നേതാക്കളുടെ വലിയ നിര തന്നെ ഇന്ന് പത്രിക സമർപ്പിച്ചു.
പറവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പത്രിക നൽകി. പാലായിൽ ജോസ് കെ. മാണിയും (എൽ.ഡി.എഫ്), ഒറ്റപ്പാലത്ത് മേജർ രവിയും (ബി.ജെ.പി), തൊടുപുഴയിൽ അപു ജോൺ ജോസഫും (യു.ഡി.എഫ്) ഇന്ന് പത്രിക സമർപ്പിച്ചവരിൽ ഉൾപ്പെടും. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണനും (യു.ഡി.എഫ്), നേമത്ത് കെ.എസ്. ശബരിനാഥനും (യു.ഡി.എഫ്) പത്രിക നൽകി.
ഗുരുവായൂരിൽ ബി. ഗോപാലകൃഷ്ണൻ (എൻ.ഡി.എ), കൊടുവള്ളിയിൽ പി.കെ. ഫിറോസ് (യു.ഡി.എഫ്), തൃക്കാക്കരയിൽ അഖിൽ മാരാർ (എൻ.ഡി.എ), മാനന്തവാടിയിൽ ശ്യാംരാജ് (എൻ.ഡി.എ) എന്നിവരും മത്സരരംഗത്തുണ്ട്. എലത്തൂരിൽ എ.കെ. ശശീന്ദ്രനും (എൽ.ഡി.എഫ്), ബേപ്പൂരിൽ പി.വി. അൻവറും (യു.ഡി.എഫ്), അരുവിക്കരയിൽ വി.എസ്. ശിവകുമാറും (യു.ഡി.എഫ്) ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സുധീർ കരമനയും (എൽ.ഡി.എഫ്) കരമന ജയനും (എൻ.ഡി.എ) ഇന്ന് പത്രിക സമരിപ്പിച്ചു.
കൂടാതെ പയ്യന്നൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സിപിഎം വിമതൻ വി. കുഞ്ഞികൃഷ്ണനും പത്രിക നൽകിയിട്ടുണ്ട്.
സൂക്ഷ്മപരിശോധന നാളെ; വോട്ടർപട്ടികയും പുറത്ത്
പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെയാണ് സമയം. പല മണ്ഡലങ്ങളിലും മുന്നണികൾക്ക് തലവേദനയായി വിമത സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഇവരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ. 26-ന് ശേഷം മാത്രമേ കേരളത്തിലെ അന്തിമ മത്സര ചിത്രം വ്യക്തമാവുകയുള്ളൂ.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടികയും നാളെ പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ വിധിയെഴുതുന്നത്.










