കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിനെ പ്രവർത്തകർ ആക്രമിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിയുടെ ദേഹത്ത് കെ.എസ്.യു പ്രവർത്തകരുടെ നൂലിഴ പോലും സ്പർശിച്ചിട്ടില്ലെന്നും, പുറത്തുവന്ന ദൃശ്യങ്ങളിൽ മന്ത്രിയുടെ ശരീരത്തിൽ തട്ടിയത് ഗൺമാന്റെ കൈയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആരെങ്കിലും നൽകുകയാണെങ്കിൽ അവർക്ക് ഒരു പവൻ സ്വർണം സമ്മാനമായി നൽകുമെന്നും അലോഷ്യസ് സേവ്യർ വെല്ലുവിളിച്ചു.
മന്ത്രിക്കെതിരെ നടന്നുവെന്ന് പറയുന്ന ആക്രമണം വെറും തിരക്കഥയാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും കെ.എസ്.യു ആരോപിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യമേഖല നേരിടുന്ന കനത്ത പരാജയങ്ങളിൽ നിന്നും ഡാറ്റാ ചോർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് മന്ത്രി ഇത്തരമൊരു ‘അഭിനയവുമായി’ രംഗത്തെത്തിയിരിക്കുന്നത്. വാർത്താ വായനയിലെന്നപോലെ അഭിനയത്തിലും മന്ത്രി മിടുക്കിയാണെന്നും അലോഷ്യസ് പരിഹസിച്ചു.
മന്ത്രിയുടെ വ്യാജ ആരോപണത്തെത്തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ കലാപാഹ്വാനം നടത്തുകയാണെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായതെന്നും കെ.എസ്.യു കുറ്റപ്പെടുത്തി. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ സ്പീക്കർ എ.എൻ. ഷംസീറാണെന്നും അലോഷ്യസ് ആരോപിച്ചു. പ്രതിഷേധക്കാരെ തെറിവിളിക്കാനും തല്ലാനും മുതിർന്നത് മന്ത്രിയാണെന്നും, റെയിൽവേ സ്റ്റേഷനിൽ വെച്ച് പരിക്കേറ്റുവെന്ന് നേരത്തെ പറഞ്ഞിരുന്ന മന്ത്രി ഇപ്പോൾ അത് കെ.എസ്.യുക്കാരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ പ്രചാരണം നടത്തിയ മന്ത്രി വീണാ ജോർജിനെതിരെ ആഭ്യന്തര വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കിയാൽ കുഴിമന്തി നൽകാം എന്നാണ് കെഎസ്യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസും കുഴിമന്തി ഓഫറുമായി രംഗത്തെത്തി. വീണ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം കൊണ്ടുവന്നാൽ ഒരു ലക്ഷം രൂപ പാരിതോഷികം നൽകാമെന്ന് യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി.










