Home / Politics / നവകേരള സര്‍വേയുടെ പേരില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ശ്രമിച്ചത് ഖജനാവിലെ പണമെന്ന് വി ഡി സതീശൻ

നവകേരള സര്‍വേയുടെ പേരില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ശ്രമിച്ചത് ഖജനാവിലെ പണമെന്ന് വി ഡി സതീശൻ

സര്‍ക്കാര്‍ ആരംഭിച്ച നവകേരള സർവേയെ പ്രതിപക്ഷം ശക്തിയായി എതിര്‍ത്തിരുന്നുവെന്ന് വി ഡി സതീശൻ. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വോളന്റിയര്‍മാരായി നിശ്ചയിച്ച് നവകേരള സര്‍വെയ്ക്ക് വേണ്ടി സി.പി.എം സര്‍ക്കുലര്‍ ഇറക്കി. സി.പി.എം പരിപാടി ഏറ്റെടുത്ത സര്‍ക്കാരാണ് വോളന്റിയര്‍മാര്‍ക്ക് പണം നല്‍കുന്നത്. സി.പി.എമ്മുകാരെയും ഡി.വൈ.എഫ്.ഐക്കാരെയും ഉപയോഗിച്ച് സര്‍വെ നടത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും സര്‍ക്കാര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും നടത്തിയ ശ്രമമാണ് നവകേരള സര്‍വെ’എന്നും പുതുയുഗ യാത്രയുടെ’ ഭാഗമായി പ്രതിപക്ഷ നേതാവ് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

സര്‍വെ നിയമവിരുദ്ധമാണെന്നും നിര്‍ത്തിവയ്ക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍വെയ്ക്ക് പണം എടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചടിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന് ഹൈക്കോടതി അടിവരയിട്ടിരിക്കുകയാണ്. നികുതി പണത്തില്‍ നിന്നും കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് കേരളം മുഴുവന്‍ സ്ഥാപിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് സര്‍ക്കാരിന്റെ ധൂര്‍ത്ത്.

കോളനികള്‍ കയറി ഇറങ്ങി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതാണോ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജോലി? സി.പി.എം നേതാക്കള്‍ വിതരണം ചെയ്യേണ്ട സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വീടുകളില്‍ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് എതിരായ തരിച്ചടിയാണ് കോടതി വിധി. കെ.എസ്.യു ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്.

കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. സര്‍ക്കാരിന്റെ പണമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ശ്രമിച്ചത്. പത്ത് വര്‍ഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ കേരളം നന്നാക്കുന്നതിനുള്ള സര്‍വെ നടത്തേണ്ടത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും പണം നല്‍കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *