വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലം നിലനിർത്താൻ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിയെ തന്നെ സി പി എം വീണ്ടും കളത്തിലിറക്കുന്നു. മണ്ഡലത്തിൽ ശിവൻകുട്ടിയല്ലാതെ മറ്റൊരു പേരിലേക്ക് പാർട്ടി ചർച്ചകൾ നീളുന്നില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ തലസ്ഥാനത്ത് ഇത്തവണ പോരാട്ടം കനക്കും.
നേമത്ത് മത്സരിക്കാനില്ലെന്ന രീതിയിൽ മന്ത്രി ശിവൻകുട്ടി നേരത്തെ നടത്തിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇത് തന്റെ വ്യക്തിപരമായ നിലപാടല്ലെന്നും സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടി ഇതുവരെ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. പാർട്ടി പറയുന്ന ഏത് തീരുമാനവും അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെയും കെ. മുരളീധരനെയും പരാജയപ്പെടുത്തിയാണ് ശിവൻകുട്ടി നേമം തിരിച്ചുപിടിച്ചത്. 2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമെന്ന നിലയിൽ നേമം പിടിച്ചെടുക്കുക എന്നത് ബി.ജെ.പിക്ക് അഭിമാനപ്രശ്നമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ബി.ജെ.പി ഉണ്ടാക്കിയ മുന്നേറ്റമാണ് രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നൽകുന്നത്.
അതേസമയം, ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കി നേമത്ത് ത്രികോണ മത്സരം ഉറപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. കെ എസ് ശബരീനാഥൻ അടക്കമുള്ള പ്രമുഖരുടെ പേരുകൾ കോൺഗ്രസ് പരിഗണനയിലുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും നേമം ഇത്തവണ യുഡിഎഫിനൊപ്പം നിൽക്കുമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. മൂന്ന് മുന്നണികളും വമ്പൻ സ്രാവുകളെ തന്നെ ഇറക്കുന്നതോടെ കേരളം ഉറ്റുനോക്കുന്ന അതിശക്തമായ മത്സരവേദിയായി നേമം മാറും.










