Home / Politics / വോട്ടർമാരെ സ്വാധീനിക്കാനായി ബിജെപി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തതിനെ എതിർത്ത ടി എൻ പ്രതാപൻ അറസ്റ്റിൽ

വോട്ടർമാരെ സ്വാധീനിക്കാനായി ബിജെപി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തതിനെ എതിർത്ത ടി എൻ പ്രതാപൻ അറസ്റ്റിൽ

വോട്ടർമാരെ സ്വാധീനിക്കാനായി തൃശ്ശൂർ വാടാനപ്പിള്ളിയിൽ ബിജെപി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തതിനെ എതിർത്ത കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ അറസ്റ്റിൽ.

വോട്ടർമാരെ സ്വാധീനിക്കാനായി ബിജെപി കിറ്റുകൾ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നടനും ബിജെപി നേതാവുമായ ദേവൻ്റെ സാന്നിധ്യത്തിലായിരുന്നു കിറ്റ് വിതരണം.

വാടാനപ്പിള്ളിയിലെ ഒരു സ്വകാര്യ ഗോഡൗണിൽ നിന്നാണ് ബിജെപിയുടെ ചിഹ്നവും ചിത്രങ്ങളുമുള്ള അയ്യായിരത്തോളം ഭക്ഷ്യകിറ്റുകൾ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഗോഡൗൺ ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ് നടക്കുന്നതെന്നും വോട്ടർമാരെ പണം നൽകി സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതാപൻ ആരോപിച്ചു.

പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചത് ഉന്തും തള്ളും ഉണ്ടാക്കി. ഇതിനിടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ടി.എൻ. പ്രതാപനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവസ്ഥലത്ത് ബിജെപി നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയതോടെ വലിയ രീതിയിലുള്ള പോലീസ് സന്നാഹത്തെ അവിടെ വിന്യസിച്ചു.

വിവരമറിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കിറ്റുകൾ പിടിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *