Home / Politics / പത്മജ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാടും; നിർദ്ദേശം ബിജെപി ദേശീയ നേതൃത്വത്തിന്റേത്

പത്മജ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാടും; നിർദ്ദേശം ബിജെപി ദേശീയ നേതൃത്വത്തിന്റേത്

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി പത്മജ വേണുഗോപാൽ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാടും മത്സരിക്കുമെന്ന കാര്യത്തിൽ പ്രാഥമിക ധാരണയായതായി റിപ്പോർട്ടുകൾ. ബിജെപി ദേശീയ നേതൃത്വം ഇരുവർക്കും ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതായാണ് വിവരം.

നേരത്തെ പത്മജ വേണുഗോപാൽ വട്ടിയൂർക്കാവിൽ സഹോദരൻ കെ. മുരളീധരനെതിരെ മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, ബിജെപിക്ക് വിജയസാധ്യത കൂടുതലുള്ള തൃശൂരിൽ പത്മജയെ ഇറക്കുന്നതാണ് ഉചിതമെന്ന് പാർട്ടി വിലയിരുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നേടിയ മിന്നും വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ പത്മജയ്ക്ക് കഴിയുമെന്നാണ് കണക്കുകൂട്ടൽ. സുരേഷ് ഗോപിയുടെ പൂർണ്ണ പിന്തുണയുണ്ടെങ്കിൽ തൃശൂരിൽ മത്സരിക്കാമെന്ന് പത്മജ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മണ്ഡലത്തിൽ പത്മജയ്ക്കായി സജീവമായി രംഗത്തുണ്ടാകുമെന്ന് സുരേഷ് ഗോപിയും നേതൃത്വത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ പാലക്കാട് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ധാരണ. മുൻ തെരഞ്ഞെടുപ്പുകളിൽ ശക്തമായ മത്സരം കാഴ്ചവെച്ച ശോഭയ്ക്ക് ഇത്തവണ പാലക്കാട് അനുകൂല സാഹചര്യമാണെന്ന് പാർട്ടി വിശ്വസിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ ഇത്തവണ മത്സരരംഗത്തില്ല എന്നതും ബിജെപി തങ്ങൾക്ക് അനുകൂലമായ ഘടകമായി കാണുന്നു. ആറോളം മണ്ഡലങ്ങളിൽ ശോഭയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും പാലക്കാടിനാണ് മുൻഗണന നൽകിയിരിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി ഇതിനകം പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിർന്ന നേതാക്കളെല്ലാം ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *