പക്ഷിനിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും ആവേശം പകർന്ന് കേരളത്തിൽ ആദ്യമായി ‘ഇരുളൻ പാറ്റാ പിടിയൻ’ (Dark-sided Flycatcher) എന്ന അപൂർവ്വ പക്ഷിയെ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ അരിപ്പ വനമേഖലയിൽ നടത്തിയ പക്ഷിനിരീക്ഷണത്തിനിടയിലാണ് ഈ കുഞ്ഞൻ അതിഥിയെ തിരിച്ചറിഞ്ഞത്. പക്ഷിനിരീക്ഷകരായ എം.എ. ലത്തീഫ്, ഫൈറോസ് ബീഗം, രാജീവ് മണ്ണയം എന്നിവരടങ്ങുന്ന സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.
വനവകുപ്പിന്റെ സഹകരണത്തോടെ അരിപ്പയിൽ നടന്ന നിരീക്ഷണ പരിപാടിക്കിടെ ഫൈറോസ് ബീഗമാണ് പക്ഷിയുടെ ചിത്രം പകർത്തിയത്. ട്രെയിനിംഗ് സെന്ററിന് സമീപമുള്ള വഴിയിലൂടെയുള്ള യാത്രയ്ക്കിടയിൽ മരത്തിലും വൈദ്യുതി കമ്പിയിലുമായി മാറി മാറി ഇരിക്കുന്ന പക്ഷിയെ സംഘം ശ്രദ്ധിക്കുകയായിരുന്നു. ആദ്യം തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും, പിന്നീട് ഡബ്ല്യു.ഡബ്ല്യു.എഫ് (WWF) തിരുവനന്തപുരം ഗ്രൂപ്പിൽ ചിത്രം പങ്കുവെച്ചപ്പോഴാണ് ഇത് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ‘ഇരുളൻ പാറ്റാ പിടിയൻ’ ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഇ-ബേർഡ് (eBird) പോർട്ടലിലും വിവരം രേഖപ്പെടുത്തി.
ഹിമാലയൻ സാനുക്കളിലും ദക്ഷിണ പൂർവ്വേഷ്യയിലും പ്രജനനം നടത്തുന്ന ഇവ ദേശാടനത്തിനിടയിൽ അപൂർവ്വമായി മാത്രമേ ദക്ഷിണേന്ത്യയിൽ എത്താറുള്ളൂ. ഏഷ്യൻ ബ്രൗൺ ഫ്ലൈകാച്ചർ എന്ന പക്ഷിയുമായി സാമ്യമുള്ളതിനാൽ ഇവയെ തിരിച്ചറിയുക പ്രയാസകരമാണ്. സാധാരണയായി ഒരേ സ്ഥലത്ത് അധികനാൾ തങ്ങാത്ത പ്രകൃതക്കാരാണ് ഇവയെന്ന് എഴുത്തുകാരനും പക്ഷിനിരീക്ഷകനുമായ സി. റഹിം വ്യക്തമാക്കി.
അരിപ്പയ്ക്ക് പുറമെ, ഈ വർഷം അതിരപ്പിള്ളി – വാഴച്ചാൽ മേഖലയിലും ഈ പക്ഷിയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്.










