Home / Politics / സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നു; നാട്ടികയിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും

സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നു; നാട്ടികയിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും

നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനിൽ’ വെച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും തന്നെ ചേർത്തുപിടിച്ച ഈ പ്രസ്ഥാനത്തോട് എന്നും കൂറുപുലർത്തുമെന്നും അംഗത്വം സ്വീകരിച്ച ശേഷം മുകുന്ദൻ പറഞ്ഞു.

നാട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയായി സി.സി. മുകുന്ദൻ തന്നെ മത്സരിക്കുമെന്നാണ് സൂചന. സിപിഐയിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് മുകുന്ദനെ ബിജെപി പാളയത്തിൽ എത്തിച്ചത്. നാട്ടികയിലേത് ‘പേയ്‌മെന്റ് സീറ്റ്’ ആണെന്ന തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പണം പിരിച്ചുനൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കി ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കിയതെന്ന ഗുരുതര ആരോപണവും അദ്ദേഹം ആവർത്തിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസമാണ് സിപിഐ മുകുന്ദനെ പുറത്താക്കിയത്.

സിപിഐ വിട്ടതിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി മുകുന്ദൻ ചർച്ചകൾ നടത്തിയിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല. മുകുന്ദനെ സ്വതന്ത്രനായി പിന്തുണയ്ക്കുന്നതിന് പകരം സുനിൽ ലാലൂരിനെ സ്വന്തം സ്ഥാനാർത്ഥിയായി നിർത്താനാണ് കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മുകുന്ദൻ വിമതനായി മത്സരിക്കുന്നത് വഴി സിപിഐ വോട്ടുകൾ ഭിന്നിക്കുമെന്നും അത് യുഡിഎഫിന് ഗുണകരമാകുമെന്നുമാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. കോൺഗ്രസ് കൈവിട്ടതോടെയാണ് ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട് മുകുന്ദൻ പുതിയ നീക്കം നടത്തിയത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *