സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ പ്രവർത്തന സമയത്തിൽ സർക്കാർ മാറ്റം വരുത്തുന്നു. ഇതനുസരിച്ച് ഇനി മുതൽ രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയായിരിക്കും ബാറുകളുടെ പ്രവർത്തന സമയം. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ തന്നെ പുറത്തിറങ്ങും.
നിലവിൽ പലയിടങ്ങളിലും വ്യത്യസ്ത സമയക്രമമാണ് പിന്തുടരുന്നത്. നിലവിൽ സംസ്ഥാനത്ത് ടൂറിസം മേഖലയിലെ അല്ലാത്ത മറ്റു ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതൽ രാത്രി 11വരെയാണ് . സാധാരണയായി രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെയാണ് ഭൂരിഭാഗം ബാറുകളും പ്രവർത്തിച്ചു വരുന്നത്. എന്നാൽ പുതിയ തീരുമാനത്തിലൂടെ ബാറുകൾക്ക് രാവിലെ ഒരു മണിക്കൂർ നേരത്തെ തുറക്കാനും രാത്രി ഒരു മണിക്കൂർ കൂടി അധികമായി പ്രവർത്തിക്കാനും അനുമതി ലഭിക്കും. ബാർ ഹോട്ടൽ ഉടമകളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു പ്രവർത്തന സമയം വർദ്ധിപ്പിക്കുക എന്നത്.
ടൂറിസം മേഖലയുടെ വികസനവും വിനോദസഞ്ചാരികളുടെ സൗകര്യവും കണക്കിലെടുത്താണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത് എന്നാണ് സൂചന. പുതുവത്സരം പോലുള്ള പ്രത്യേക ആഘോഷ വേളകളിൽ മാത്രം നൽകി വന്നിരുന്ന സമയപരിധിയിലെ ഇളവാണ് ഇപ്പോൾ സ്ഥിരമായ മാറ്റമായി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ സംസ്ഥാനത്തെ എല്ലാ ബാറുകളിലും പുതിയ സമയക്രമം നിലവിൽ വരും.










