Home / Kerala / ഭരണമാറ്റം അനിവാര്യം; ‘പിണറായി 3.0’ ബ്രാൻഡിങ് ദോഷം ചെയ്യുമെന്ന് സാറാ ജോസഫ്

ഭരണമാറ്റം അനിവാര്യം; ‘പിണറായി 3.0’ ബ്രാൻഡിങ് ദോഷം ചെയ്യുമെന്ന് സാറാ ജോസഫ്

കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്നും ‘പിണറായി 3.0’ എന്ന പേരിലുള്ള ബ്രാൻഡിങ് ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്നും പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ഭരണകക്ഷികൾ കൃത്യമായ ഇടവേളകളിൽ പ്രതിപക്ഷത്ത് വരുന്നത് രാഷ്ട്രീയ ആരോഗ്യത്തിന് നല്ലതാണെന്നും അവർ ചൂണ്ടിക്കാട്ടി.

പിണറായി 3.0 എന്ന പ്രചാരണം വ്യക്തികേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയും സാറാ ജോസഫ് പങ്കുവെച്ചു. “അധികാരം നിലനിർത്താൻ ഏത് പിശാചിന്റെ കൂടെയും കൂട്ടുകൂടുമെന്ന് പറഞ്ഞ പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അവർക്ക് ജനാധിപത്യത്തെക്കാൾ വലുത് അധികാരമാണ്,” എന്ന് അവർ വിമർശിച്ചു.

തിരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞാൽ ജനങ്ങളുടെ താൽപ്പര്യത്തേക്കാൾ ഭരണാധികാരികളുടെ ഇഷ്ടങ്ങളാണ് നടപ്പിലാക്കുന്നത്. വികസനം എന്ന പേരിൽ റോഡുകളും മറ്റും നിർമ്മിക്കുന്നതിനപ്പുറം, സമൂഹത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. ചോദ്യം ചോദിക്കാനും തിരുത്തലുകൾ വരുത്താനുമുള്ള സാധ്യതകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ജനങ്ങളുടെ നാവായി പ്രവർത്തിക്കേണ്ട മാധ്യമങ്ങളെപ്പോലും നിശബ്ദമാക്കുന്ന സമീപനമാണ് കണ്ടുവരുന്നത്. ജനാധിപത്യം തകർന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഭരണമാറ്റം ആവശ്യമാണെന്നും സാറാ ജോസഫ് പറഞ്ഞു.

കവി കെ. സച്ചിദാനന്ദൻ അടുത്തിടെ നടത്തിയ സമാനമായ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സാറാ ജോസഫിന്റെയും പ്രതികരണം. കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് ഉചിതമെന്നും ബംഗാളിലെ അനുഭവം ഇതിന് ഉദാഹരണമാണെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിരുന്നു. തുടർച്ചയായ ഭരണം ഒരു പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റുമെന്നും എന്നാൽ പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് സാറാ ജോസഫും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *