Home / Politics / ഗണേഷ് കുമാറിനെ സഭയിൽ തിരുത്തി മുഖ്യമന്ത്രി; ‘സ്വകാര്യ ബസ് റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ പിൻവലിക്കാനാവില്ല’

ഗണേഷ് കുമാറിനെ സഭയിൽ തിരുത്തി മുഖ്യമന്ത്രി; ‘സ്വകാര്യ ബസ് റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ പിൻവലിക്കാനാവില്ല’

കെഎസ്ആർടിസി ബസ് സർവീസുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കുന്നത് സർക്കാർ നയമല്ലെന്നും അത്തരം നീക്കങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ ബസുകളോട് മത്സരത്തിനില്ലെന്നും അവർ ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി പിന്മാറുമെന്നുമുള്ള ഗതാഗത മന്ത്രിയുടെ പ്രഖ്യാപനമാണ് മുഖ്യമന്ത്രി തള്ളിയത്. സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാതെ, ബസുകൾ ഇല്ലാത്ത റൂട്ടുകളിലേക്ക് കെഎസ്ആർടിസിയെ മാറ്റാനാണ് താൻ നിർദ്ദേശിച്ചതെന്നുമായിരുന്നു മന്ത്രി ഗണേഷ് കുമാർ സഭയിൽ വിശദീകരിച്ചത്. മന്ത്രിയുടെ ഈ പ്രസംഗം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.

അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, നിലവിൽ സർവീസ് നടത്തുന്ന ലാഭകരമായ റൂട്ടുകളിൽ നിന്ന് സ്വകാര്യ ബസുകൾക്ക് വേണ്ടി കെഎസ്ആർടിസി പിന്മാറുന്നത് അംഗീകരിക്കാനാവില്ല. “ബസ്സോടാത്ത റൂട്ടുകളിൽ കെഎസ്ആർടിസി ഓടിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ അത് സ്വകാര്യ ബസ് റൂട്ടുകളിൽ നിന്ന് പിന്മാറിക്കൊണ്ടാകരുത്” – മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് മന്ത്രി ഗണേഷ് കുമാർ ഉടൻ തന്നെ നിലപാട് തിരുത്തി. കെഎസ്ആർടിസി ബസുകൾ ഒരു റൂട്ടിൽ നിന്നും പിൻവലിക്കില്ലെന്നും, റോഡിലെ അനാവശ്യ മത്സര ഓട്ടത്തിന് ഇല്ലെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ചോദ്യോത്തര വേളയിൽ കെഎസ്ആർടിസി ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമത്തിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി വിശദീകരിക്കുന്നതിനിടെയായിരുന്നു ഇത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *