ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതിക്കുള്ള സ്ഥലത്തിന് അഡ്വാൻസ് നൽകിയതായി ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു. ഈ മാസത്തിനുള്ളിൽ തന്നെ ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുമെന്നും രജിസ്‌ട്രേഷൻ കഴിഞ്ഞാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൽപ്പറ്റ എംഎൽഎയാണ് സിദ്ദിഖ്.
ഭൂമിയുടെ കോണ്ടൂർ മാപ്പിംഗ്, ഡിസൈൻ ജോലികൾ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവും നിയമപരവുമായ നടപടികൾ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനം ചെയ്ത വീടുകൾ എവിടെയാണെന്ന ചോദ്യം ഉയർത്തി നസീർ ആലക്കൽ ഉൾപ്പെടെ മുപ്പതിലധികം കുടുംബങ്ങൾ സി.പി.എമ്മിലേക്ക് മാറിയ സാഹചര്യത്തിലാണ് എംഎൽഎയുടെ വിശദീകരണം. പ്രാദേശിക നേതാക്കളും പൊതുജനങ്ങളും പദ്ധതിയെക്കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായയുടൻ സ്ഥലം എവിടെയാണെന്ന് പരസ്യപ്പെടുത്തുമെന്നും, പദ്ധതി തുടങ്ങുന്നതിനാവശ്യമായ എല്ലാ നടപടികളും കോൺഗ്രസ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.










