ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ബോർഡ് അംഗം എൻ. വിജയകുമാർ. കേസിൽ അറസ്റ്റിലായ വിജയകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയ മൊഴിയിലാണ് പത്മകുമാറിനെതിരെ മൊഴി നൽകിയത്. തീരുമാനങ്ങളെല്ലാം പത്മകുമാറിന്റേതായിരുന്നുവെന്നും ‘സഖാവ് പറഞ്ഞതുകൊണ്ട് താൻ കണ്ണടച്ച് ഒപ്പിടുകയുമായിരുന്നു’ എന്നുമാണ് വിജയകുമാറിന്റെ വെളിപ്പെടുത്തൽ.
സ്വർണ്ണപ്പാളികൾ പുതുക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത് പത്മകുമാറാണ്. പത്മകുമാർ പറഞ്ഞതനുസരിച്ചാണ് താൻ ഫയലുകളിൽ ഒപ്പിട്ടത്. പലപ്പോഴും ഫയലുകൾ പൂർണ്ണമായി വായിച്ചുനോക്കാതെയാണ് ഒപ്പിട്ടിരുന്നത്. സർക്കാരിന് ഇനിയും നാണക്കേടുണ്ടാക്കണ്ട എന്ന് കരുതിയാണ് താൻ കീഴടങ്ങിയതെന്നും വിജയകുമാർ മൊഴിയിൽ പറയുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി അറിയാവുന്നത് പത്മകുമാറിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിജയകുമാറിന്റെ ഈ മൊഴി അന്വേഷണ സംഘം പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കമാണോ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. നിലവിൽ ജുഡീഷ്യൽ റിമാൻഡിലുള്ള വിജയകുമാറിനെ വിട്ടുകിട്ടാനായി അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമേ സ്വർണ്ണക്കൊള്ളയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ അന്വേഷണ പരിധിയിലേക്ക് വരുമെന്നാണ് സൂചന. അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താൻ എസ്ഐടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.










