വയനാട് ദുരന്ത പുന:രധിവാസത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യേക ആപ്പ് വഴിയും യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് നല്‍കിയ ഒരു കോടി അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെടെ സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് പണം സ്വീകരിച്ചത്. ആദ്യഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ഏക്കര്‍ ഇരുപത്തിനാലര സെന്റ് ഭൂമി കെ പി സി സി പ്രസിഡന്റിന്റെ പേരില്‍ വാങ്ങി. ഇതിനായി മൂന്നു കോടി അറുപത്തിയെട്ട് ലക്ഷത്തി മുപ്പത്തി ആറായിരത്തി മുന്നൂറ്റി എണ്‍പത്തിയഞ്ച് രൂപ (3,68,36,385 രൂപ) ചെലവഴിച്ചു. മുദ്രപത്രം രജിസ്ട്രേഷന്‍ ടി ഡി എസ്, സര്‍വേ എന്നിവ ഉള്‍പ്പെടെയാണ് ഈ തുക.കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് ഫണ്ട് പിരിവിനുള്ള ആപ്പ് നിര്‍മ്മിക്കുന്നതിന് വേണ്ടി 9,30,000 രൂപ ചെലവായി.
രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു. ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കലിനും രജിസ്‌ട്രേഷനും ആപ്പ് നിര്‍മ്മാണത്തിനും മറ്റുമായി ചെലവാക്കിയ തുകയ്ക്ക് കഴിഞ്ഞ് ശേഷിച്ചത് 1,60,55,247 രൂപയാണ്. അതിനാല്‍ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കുന്നതിന് തുക തികയാതെ വന്നപ്പോള്‍ കെ പി സി സിയുടെ തനത് ഫണ്ടില്‍ നിന്നും 97,51,212 രൂപഅധികമായി ചെലവഴിച്ചു. ഇനി രജിസ്‌ട്രേഷനും സര്‍വെയ്ക്കും മറ്റുമായി എഴുത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറായിരത്തി തൊള്ളായിരത്തി എന്‍ പത്തിയഞ്ച് രൂപ (73,90,985 രൂ) ആവശ്യമുണ്ട്. ഈ തുകപാര്‍ട്ടി കണ്ടെത്തും. ഇതുവരെ ആകെ ചെലവായത് 6,27,96,597 രൂപ. കെപിസിസി വയനാട് ദുരിതാശ്വാസ ഫണ്ടില്‍ ശേഷിക്കുന്നത് 7,76,247 രൂപയാണ്.
വീട് നിര്‍മാണത്തിനായി പിരിച്ചതിനേക്കാള്‍ കൂടുതല്‍ പണം ചെലവഴിച്ചു കഴിഞ്ഞതായും വീട് നിര്‍മാണത്തിനായി ഇനി പ്രത്യേകം പണം പിരിക്കില്ലെന്നും എഐസിസിയുടെയും കെപിസിസിയുടെയും ഫണ്ട് ഉപയോഗിച്ച് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ പണവും എല്ലാം അക്കൗണ്ട് വഴിയാണ് നല്‍കിയത്.ഒന്നും ക്യാഷ് വഴി നടത്തിയിട്ടില്ല. അത് ആര്‍ക്കും പരിശോധിക്കാം. ഇതില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിലും പാര്‍ട്ടി ഓഫീസ് തിരിമറിയിലും സി പി എമ്മിന് ഉത്തരമില്ല. പ്രസ്തുത കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞതില്‍ നിന്നും പാര്‍ട്ടി പിറകോട്ട് പോയി. കണക്കു ചോദിച്ച വി.കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് തട്ടിച്ചതായി രക്തസാക്ഷിയുടെ കുടുംബം തന്നെ പരാതിപ്പെട്ടു.സഹകരണ സ്ഥാപനത്തില്‍ ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും സി പി എം സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതിയുണ്ട്.
ഇത്തരം വിവാദങ്ങളില്‍ പെട്ടവരെ പോലും തിരഞ്ഞെടുപ്പില്‍ സി പി എം മത്സര രംഗത്തിറക്കി. ഇത്തരക്കാരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുകയാണ്. ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ ഉള്‍പ്പെട്ട് മൂന്നുമാസം തടവില്‍ കഴിഞ്ഞവരെ പാര്‍ട്ടി സംരക്ഷിക്കുന്നു.ഈ പാര്‍ട്ടിയാണ് വയനാട് ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നിക്കുന്നത്.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട് .ഇക്കാര്യത്തില്‍ സംവാദത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചെങ്കിലും മുഖ്യമന്ത്രി സംവാദത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
പ്രതിപക്ഷം വയനാട് ദുരന്തത്തില്‍ സര്‍ക്കാരുമായി വളരെ നല്ല രീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു. തദ്ദേശസ് സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്നതായിരുന്നു. എംപി പ്രിയങ്ക ഗാന്ധിയും ടി സിദ്ധിഖ് എം എല്‍ എയും സര്‍ക്കാരുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. അവരെല്ലാം ദുരന്തമുഖത്ത് ഓടിയെത്തുകയും മുന്നണി പോരാളികള്‍ നില്‍ക്കുകയും ചെയ്തു. വയനാട് ദുരന്തത്തിന് പ്രത്യേകമായി നിധി രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. എന്നിട്ടും വയനാട് പുനരധിവാസത്തിന് ആളും അര്‍ഥവും നല്‍കി കോണ്‍ഗ്രസ് സഹകരിച്ചു.മാത്രവുമല്ല കോണ്‍ഗ്രസിന് ഭരിക്കുന്ന കര്‍ണാടക തെലങ്കാന സര്‍ക്കാരുകള്‍ വയനാട് പുന:രധിവാസത്തിന് ധനസഹായം ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കി മുന്നോട്ട് വന്നു.ഏറ്റവും സുതാര്യമായി കാര്യങ്ങള്‍ ചെയ്തിട്ടും ടി സിദ്ധിഖ് എം എല്‍ എയുടെയും പ്രിയങ്ക ഗാന്ധി എം പിയുടെയും ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് സംഘടിപ്പിച്ചു.
കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയിലാണ് ഡി വൈ എഫ് ഐക്കാര്‍ കുടിലുകെട്ടാന്‍ ശ്രമിച്ചത്. ഇങ്ങനെയാണോ ഒരു രാഷ്ട്രീയ പാര്‍ട്ടി നിലപാട് സ്വീകരിക്കേണ്ടതെന്നും കോണ്‍ഗ്രസിനെതിരെ സംസാരിക്കാന്‍ അവര്‍ക്ക് യോഗ്യതയില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വമായി നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തരമായി ഇടപെടണം. സിപി എമ്മിന് ഒത്താശ ചെയ്തു കൊടുക്കുന്ന രീതിയിലാണ് ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇടപെടുന്നത്.പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെയും അവരുടെ ബാലറ്റ് പേപ്പറുകള്‍ ലഭിച്ചിട്ടില്ല. രണ്ടുദിവസമായി ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
വീട്ടിലെത്തി വോട്ട് ചെയ്യുന്ന സംവിധാനത്തില്‍ വ്യാപകമായ പരാതിയുണ്ട്. പെട്ടിയിലെ വോട്ട് നിക്ഷേപിക്കുന്ന ദ്വാരം വളരെ വിസ്താരമുള്ളതും വോട്ട് പുറത്തേയ്ക്ക് തിരികെ എടുക്കാവുന്ന തരത്തിലുമാണന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി.ഇക്കാര്യം കണ്ണൂര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ജില്ലാ കളക്ടര്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. വിഷയം പരിശോധിക്കാമെന്നോ പരിഹാരം കണ്ടെത്താമെന്നോ പറയുന്നതിന് പകരമായിരുന്നു കലക്ടറുടെ ക്ഷോഭം.
ഭരണകക്ഷിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന കളക്ടര്‍ ഇതിന് ഉത്തരം പറയേണ്ടിവരും. ജില്ലാ കളക്ടര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറും അടിയന്തരമായി ഇടപെടണം .എല്ലായിടത്തും ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്.സാധാരണയായി എല്ലാ സംഘടന ജീവനക്കാരെയും വിന്യസിക്കാറുണ്ട്. ഇതിനുപകരം ഇത്തവണ ഏകപക്ഷീയമായി നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതു കൂട്ടി വായിക്കുമ്പോഴാണ് അപകടം രൂക്ഷമാകുന്നതന്നും സണ്ണി ജോസഫ് പറഞ്ഞു.










