Home / Politics / കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്; വട്ടിയൂർക്കാവിൽ മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, മലമ്പുഴയിൽ എ. സുരേഷ്

കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്; വട്ടിയൂർക്കാവിൽ മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, മലമ്പുഴയിൽ എ. സുരേഷ്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. മുതിർന്ന നേതാവും മുൻ വട്ടിയൂർക്കാവ് എംഎൽഎ യുമായിരുന്ന കെ. മുരളീധരൻ ഇത്തവണ വീണ്ടും വട്ടിയൂർക്കാവിൽ നിന്നും മത്സരിക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യഥാക്രമം സ്വന്തം തട്ടകങ്ങളായ പറവൂരിൽ നിന്നും പേരാവൂരിൽ നിന്നും വീണ്ടും ജനവിധി തേടും. രമ്യ ഹരിദാസ് ഇത്തവണ തെക്കൻ കേരളത്തിലെ ചിറയിൻകീഴിൽ നിന്നാണ് മത്സരിക്കുന്നത്. തൃത്താലയിൽ മുൻ എം.എൽ.എ വി.ടി. ബൽറാം വീണ്ടും ജനവിധി തേടും. കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷും, മണലൂരിൽ മുൻ തൃശൂർ എം.പി ടി.എൻ. പ്രതാപനും സ്ഥാനാർത്ഥികളാകും.

കൊട്ടാരക്കരയിൽ സി.പി.എം വിട്ടെത്തിയ മുൻ എം.എൽ.എ ഐഷ പോറ്റിയെ കളത്തിലിറക്കി അട്ടിമറി വിജയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സിപിഎം പുറത്താക്കിയ വി എസ് അച്യുതാനന്ദന്റെ വിശ്വസ്തൻ എ സുരേഷ് മലമ്പുഴയിൽ നിന്നും മത്സരിക്കും.

നടൻ രമേഷ് പിഷാരടിയെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടുണ്ട്. പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്തായ സാഹചര്യത്തിലാണ് രമേഷ് പിഷാരടിയെ തീരുമാനിച്ചത്. നേരത്തെ തൃപ്പൂണിത്തുറ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പിഷാരടിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും ജില്ലയിലെ നേതാക്കളുടെ താൽപ്പര്യപ്രകാരം പാലക്കാട് ഉറപ്പിക്കുകയായിരുന്നു.

പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ. ണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

സിറ്റിംഗ് എം.എൽ.എമാരിൽ ഭൂരിഭാഗം പേർക്കും പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന നൽകിയ പട്ടികയാണിതെന്ന് നേതൃത്വം അവകാശപ്പെട്ടു. ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും യു.ഡി.എഫ് ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *