പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസ് എടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്. അദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയുന്നതെല്ലെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് തുല്യമാണ് സസ്പെന്‍ഷനെന്നും മുരളീധരന് പറഞ്ഞു.
എംഎൽഎ സ്ഥാനത്തിന്റെ കാര്യം രാഹുൽ സ്വയം തീരുമാനിക്കേണ്ടതാണ്. വിപ്പ് ലംഘിച്ചാലേ നിയമസഭയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിക്ക് ആവശ്യപ്പെടാന്‍ കഴിയൂ. രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി നേരത്തെ തന്നെ നടപടി എടുത്തിട്ടുണ്ട്. അതിനപ്പുറം പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
കടുത്ത നിലപാടിലേക്ക് പോകണമെങ്കില്‍ ആ സാഹചര്യമനുസരിച്ചേ പോകാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദത്തില്‍ ഒന്നും പറയാനില്ല. അറസ്റ്റിലേക്ക് കടക്കുകയാണെങ്കിൽ കൂടുതല്‍ നടപടി അപ്പോള്‍ ആലോചിക്കാം. എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ല. സസ്പെന്‍ഷനില്‍ തുടരുന്നിടത്തോളം കാലം അദ്ദേഹത്തിന് പാര്‍ട്ടി പരിപാടികളിൽ പങ്കെടുക്കാന്‍ കഴിയില്ല. ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കാന്‍ കഴിയില്ല.
പാര്‍ട്ടിയുടെ ഔദ്യോഗിക ചടങ്ങുകളിൽ രാഹുല്‍ പങ്കെടുക്കുന്നില്ല. നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ ഇനി കുറെ കൂടി സൂക്ഷ്മത പുലര്‍ത്തും. രാഹുലിന് സംരക്ഷണം ഒരുക്കേണ്ടത് അദ്ദേഹം തന്നെയാണ്. പാര്‍ട്ടി ഒരു സംരക്ഷണവും നല്‍കില്ല. പാര്‍ട്ടി സസ്പെന്റ് ചെയ്ത ആള് ഒളിവിലാണോ എന്നത് പാര്‍ട്ടി അന്വേഷിക്കേണ്ടതില്ല. രാഹുലിനെതിരെയുള്ള തുടര്‍ നടപടികളില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല. കുറ്റാരോപിതര്‍ സ്വയം സംരക്ഷിത വലയം ഒരുക്കണം.
ഇനി പരാതി ഉണ്ടാവില്ലെന്ന് കരുതിയപ്പോഴാണ് ഓഫീഷ്യലായി പുറത്തു വന്നത്. അതില്‍ അന്വേഷണം നടക്കട്ടെ. കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല. അതേസമയം, ഇതുകൊണ്ടൊന്നും ശബരിമലയിലെ സ്വര്‍ണം കട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കില്ലെന്നും മുരളീധരന് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനവും ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും ഉൾപ്പെട്ട ഓഡിയോ ക്ലിപ്പുകൾ പലപ്പോഴായി പുറത്തു വന്നിരുന്നു. ഇന്നലെയാണ് ഇതിൽ ഉൾപ്പെട്ട യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.










