Home / Politics / ‘സിപിഐ ഉത്തരം താങ്ങുന്ന പല്ലി; ഒറ്റയ്ക്ക് നിന്നാൽ ഒരു പഞ്ചായത്തിൽ പോലും ജയിക്കില്ല,’ എസ് അജയകുമാർ

‘സിപിഐ ഉത്തരം താങ്ങുന്ന പല്ലി; ഒറ്റയ്ക്ക് നിന്നാൽ ഒരു പഞ്ചായത്തിൽ പോലും ജയിക്കില്ല,’ എസ് അജയകുമാർ

സിപിഐക്കെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മുൻ എംപിയും സിപിഎം നേതാവുമായ എസ്. അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്നും സിപിഐയുടേത് ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. പാലക്കാട് ജില്ലയിലെ മണ്ണൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു നാലാംകിട രാഷ്ട്രീയ നേതാവിനെപ്പോലെയാണ് ബിനോയ് വിശ്വം ഇപ്പോൾ പെരുമാറുന്നത്. ഇടതുമുന്നണി ജയിക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് മാത്രം അവകാശപ്പെടുകയും എന്നാൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന സ്വഭാവമാണ് സിപിഐയുടേത്. ഉത്തരം താങ്ങുന്നത് താനാണെന്ന് വിചാരിക്കുന്ന പല്ലിയുടെ അവസ്ഥയാണവർക്ക്. വെറും അഞ്ച് ശതമാനം വോട്ട് മാത്രമുള്ള സിപിഐ കേരളത്തിൽ ഒറ്റയ്ക്ക് നിന്നാൽ ഒരസംബ്ലി മണ്ഡലത്തിൽ പോയിട്ട് ഒരു പഞ്ചായത്തിൽ പോലും ജയിക്കാൻ കെൽപ്പില്ലാത്ത പ്രസ്ഥാനമാണ്,” അജയകുമാർ പറഞ്ഞു.

മണ്ണൂർ പഞ്ചായത്തിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തെ മുൻനിർത്തിയായിരുന്നു അജയകുമാറിന്റെ പ്രധാന പരിഹാസം. തങ്ങൾ ശക്തി കാണിച്ചുതരാമെന്ന് പറഞ്ഞ് മണ്ണൂർ പഞ്ചായത്തിൽ മത്സരിച്ച സിപിഐക്ക് അവിടെ വൻ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നും, അവരുടെ അധികാര ധാർഷ്ട്യത്തിനുള്ള ജനവിധിയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ നാലാളുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് സിപിഐ എന്നും മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമര്‍ശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകള്‍ പത്തരമാറ്റ് തങ്കം ആണോ എന്നും എസ് അജയകുമാര്‍ ചോദിച്ചു.

പല വിഷയങ്ങളിലും സിപിഎമ്മിനെതിരെ പരസ്യ വിമർശവുമായി സിപിഐയും ബിനോയ് വിശ്വവും രംഗത്ത് വന്നതിനെ തുടർന്നാണ് അജയകുമാറിന്റെ പ്രതികരണം.

Tagged:

Leave a Reply

Your email address will not be published. Required fields are marked *