‘പാർട്ടിയെ തകർക്കാൻ ശ്രമിച്ചുവെന്ന’ കണ്ടെത്തലിനെത്തുടർന്ന് മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നുമാണ് അദ്ദേഹത്തെ നീക്കം ചെയ്തത്. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ടി.കെ. ഗോവിന്ദൻ പാർട്ടിക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ പച്ചനുണയാണെന്നും പാർട്ടി വ്യക്തമാക്കി. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഏതെങ്കിലും വ്യക്തിയുടെ താൽപ്പര്യപ്രകാരമല്ലെന്നും മറിച്ച് പാർട്ടിയുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ഇതിൽ സംസ്ഥാന സെക്രട്ടറിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നീണ്ടകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ് പി.കെ. ശ്യാമളയെന്നും ബന്ധുത്വം പരിഗണിച്ചല്ല അവരെ സ്ഥാനാർത്ഥിയാക്കിയതെന്നും രാഗേഷ് പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും ഉയർന്നുവന്ന ഏക പേര് ശ്യാമളയുടേതായിരുന്നു. എന്നാൽ ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ മത്സരിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിലോ മറ്റ് കീഴ്ഘടകങ്ങളിലോ അദ്ദേഹത്തിന്റെ പേര് ആരും നിർദ്ദേശിച്ചിരുന്നില്ല. സ്വന്തം അംഗീകാരം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനുള്ള വിനയം പോലും അദ്ദേഹം കാണിച്ചില്ലെന്ന് ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
ടി.കെ. ഗോവിന്ദൻ പാർലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടിലാണെന്നും അധികാര മോഹം മൂത്ത് യു.ഡി.എഫിന് വിടുപണി ചെയ്യുകയാണെന്നും പാർട്ടി ആരോപിച്ചു. പാർട്ടി എല്ലാ കാലത്തും അർഹമായ പരിഗണന നൽകിയിട്ടും വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് വേണ്ടി പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നയാൾക്ക് കമ്മ്യൂണിസ്റ്റായി തുടരാൻ കഴിയില്ലെന്നും വാർത്താ സമ്മേളനത്തിൽ കെ.കെ. രാഗേഷ് വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ കാര്യങ്ങൾ ഉന്നയിച്ചെങ്കിലും പരിഹാരം കാണാത്തതിനെ തുടർന്നാണ് പുറത്തു വന്നു സംസാരിക്കേണ്ടി വന്നതെന്ന് ടി കെ ഗോവിന്ദൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അർഹതയുള്ള പലരെയും തഴഞ്ഞിട്ടാണ് ടി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ഗോവിന്ദൻ.










