പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. നീണ്ട 30 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് വടക്കഞ്ചേരി പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. പ്രസാദിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് ഭരണം ഉറപ്പിച്ചത്.
പഞ്ചായത്തിലെ 22 വാർഡുകളിൽ എൽഡിഎഫിനും യുഡിഎഫിനും 9 വീതം സീറ്റുകളാണ് ലഭിച്ചത്. ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം ആർക്കെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ, വടക്കഞ്ചേരി പ്രധാനി വാർഡിൽ (വാർഡ് 19) സ്വതന്ത്രനായി മത്സരിച്ച സി. പ്രസാദ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണം കോൺഗ്രസിലേക്ക് എത്തിയത്.
സിപിഎം ലോക്കൽ നേതൃത്വവുമായുള്ള തർക്കത്തെ തുടർന്ന് പാർട്ടി വിട്ട പ്രസാദ്, വാർഡ് 19-ൽ വിമതനായി മത്സരിക്കുകയും 182 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. ഈ വിജയം സിപിഎമ്മിന് ഇരട്ട പ്രഹരമായി മാറി. പ്രസാദിനെ ഒപ്പം കൂട്ടി ഭരണം പിടിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
അതേസമയം, സമീപ പഞ്ചായത്തായ പുതുക്കോട് പഞ്ചായത്തും യുഡിഎഫ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. ആകെയുള്ള 16 സീറ്റിൽ 10 സീറ്റുകൾ നേടിയാണ് യുഡിഎഫ് ഇവിടെ അധികാരം ഉറപ്പിച്ചത്. വടക്കഞ്ചേരിയിൽ മൂന്ന് വാർഡുകൾ (ചെറുകണ്ണമ്പ്ര, വളളിയോട്, പരുവാശ്ശേരി) പിടിച്ചെടുത്ത് ബിജെപിയും നേട്ടമുണ്ടാക്കി.










