Home / Politics / ‘തോൽവിക്ക് കാരണം സിപിഎമ്മിന്റെ വർഗീയ നിലപാട്, ജനം സർക്കാരിനെ വെറുത്തു,’ വി ഡി സതീശൻ

‘തോൽവിക്ക് കാരണം സിപിഎമ്മിന്റെ വർഗീയ നിലപാട്, ജനം സർക്കാരിനെ വെറുത്തു,’ വി ഡി സതീശൻ

സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തതാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ സര്‍ക്കാരുകളോടും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. സിപിഎമ്മിന്റെ വര്‍ഗീയ നിലപാടുകളും അവരുടെ തോല്‍വിക്ക് കാരണമായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയതയും അത് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുമായിരുന്നു എല്‍ഡിഎഫിന്. പിണറായി വിജയന്‍ കൊണ്ടു നടന്ന പലരും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎം ചെയ്തതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബിജെപി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച അതേ പാതയില്‍ സിപിഎമ്മും സഞ്ചരിച്ചു. ഇന്ന് ബി.ജെ.പിക്ക് തിരുവനന്തപുരം ഉള്‍പ്പെടെ നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ്. അതിന്റെ ഗുണഭോക്താവ് സിപിഎമ്മല്ല, ബിജെപിയായിരുന്നു. ഇതേക്കുറിച്ച് യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

സിപി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം മണി ജനങ്ങളെ ആക്ഷേപിക്കുകയാണ്. ക്ഷേമ പെന്‍ഷനൊക്കെ വാങ്ങി നന്നായി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തില്‍ വോട്ട് ചെയ്‌തെന്നും ശാപ്പാട് കഴിച്ചവര്‍ ഞങ്ങള്‍ക്കിട്ട് വച്ചെന്നുമാണ് എം.എം മണി പറഞ്ഞത്. ആരെങ്കിലും ചായ വാങ്ങിത്തന്നാല്‍ മര്യാദ കാണിക്കണമെന്നുമാണ് എം.എം മണി കേരളത്തിലെ ജനങ്ങളെ അപമാനിച്ചിരിക്കുന്നത്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ മനസിലിരുപ്പാണ്.

തോല്‍പ്പിച്ച ജനങ്ങളോട് എത്ര അപമര്യാദയായാണ് സിപിഎം പെരുമാറുന്നത്. ജനങ്ങള്‍ വലിയ വിജയം നല്‍കുമ്പോള്‍ കൂടുതല്‍ വിനയാന്വിതരായി അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനുള്ള ശ്രമം നടത്തുക എന്നതാണ് വിജയിക്കുന്നവരുടെ ഉത്തരവാദിത്തം. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തവും വിശ്വാസവും അവരുടെ പ്രതീക്ഷയ്ക്കും അപ്പുറത്തേക്ക് കേരളത്തെ വളര്‍ത്തിയെടുക്കാനും അത്തരമൊരു കേരളത്തെ സൃഷ്ടിക്കാനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും യുഡിഎഫ് മുന്‍പന്തിയിലുണ്ടാകും.

കേരളത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായിരിക്കും ടീം യു.ഡി.എഫ്. വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന മഹായുദ്ധത്തിന് പുറപ്പെടുമ്പോള്‍ ജനങ്ങള്‍ നല്‍കിയ ഊര്‍ജ്ജമായി ഈ വിജയത്തെ കാണുന്നു. അടുത്ത മഹായുദ്ധത്തില്‍ വിജയിക്കാനുള്ള ശക്തിയാണ് ജനങ്ങള്‍ തന്നത്. അതിന് എല്ലാ വിഭാഗം ജനങ്ങളോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടോട് കൂടിയ നന്ദി പ്രകാശിപ്പിക്കുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സീറ്റ് ഇരട്ടിയാക്കി. സിപിഎം നേതാക്കളാണ് ഡീലിമിറ്റേഷനിലും വോട്ടര്‍പട്ടികയിലും ക്രമക്കേട് കാട്ടിയത്. സംസ്ഥാനത്ത് ഉടനീളെ ഇത് ചെയ്തു. തിരുവനന്തപുരത്ത് ബിജെപിക്ക് ജയിക്കാനുള്ള വഴിയൊരുക്കിക്കൊടുത്തത് സിപിഎമ്മാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ജില്ലാ പഞ്ചായത്ത് കിട്ടാത്ത സ്ഥലങ്ങളിലെല്ലാം സീറ്റ് ഇരട്ടിയായി.

യുഡിഎഫിന് തിളക്കമാര്‍ന്ന ജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് കേരളത്തിലെ ജനങ്ങളോട് പറഞ്ഞ വാക്കാണ്. ജീവിതത്തിലെ ഏറ്റവും അവസാനത്തെ പത്രസമ്മേളനവും നടത്തിയട്ടെ പോകും. എന്റെ കോണ്‍ഫഡന്‍സ് ടീം യുഡിഎഫാണ്. യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാനുള്ള ഹോം വര്‍ക്കിലാണ് യുഡിഎഫ് എന്നും വി ഡി സതീശൻ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *