Home / Politics / പാരഡി ഗാന വിവാദത്തിൽ നിലപാട് മാറ്റം; സിപിഎം ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമെന്ന് രാജു എബ്രഹാം

പാരഡി ഗാന വിവാദത്തിൽ നിലപാട് മാറ്റം; സിപിഎം ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമെന്ന് രാജു എബ്രഹാം

‘പോറ്റിയേ കേറ്റിയേ…’ എന്ന് തുടങ്ങുന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് മയപ്പെടുത്തി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പാരഡി പാട്ടിനെതിരെ പരാതി നൽകിയത് പാർട്ടിയല്ലെന്നും തിരുവാഭരണ പാത സംരക്ഷണ സമിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം എന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പാരഡി ഗാനത്തിനെതിരെ പരാതി നൽകിയ പ്രസാദ് കുഴിക്കാലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന രാജു എബ്രഹാം, സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാണ് തന്റെ നിലപാടിൽ മാറ്റം വരുത്തിയത്. പാട്ടിനെതിരെ നിലവിൽ പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് പാർട്ടിക്ക് ഔദ്യോഗികമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ പാർട്ടി ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് അയ്യപ്പന്റെ പേര് രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചതാണ് നിലവിലെ പരാതിക്ക് ആധാരമെന്ന് രാജു എബ്രഹാം പറഞ്ഞു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഭക്തിഗാനത്തെ വികലമായി ചിത്രീകരിച്ച് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്ന പരാതിയിൽ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം സൈബർ സെല്ലിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തിൽ തയ്യാറാക്കിയ പാരഡി ഗാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *