Home / Politics / ഡാറ്റാ ചോർച്ച: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി ചെന്നിത്തല; വിവരങ്ങൾ തേടിയുള്ള കത്ത് പുറത്ത് വിട്ടു

ഡാറ്റാ ചോർച്ച: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി ചെന്നിത്തല; വിവരങ്ങൾ തേടിയുള്ള കത്ത് പുറത്ത് വിട്ടു

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജീവനക്കാരുടെ ശമ്പളവും സേവന വിവരങ്ങളും കൈകാര്യം ചെയ്യുന്ന ‘സ്പാർക്’ (SPARK) സോഫ്റ്റ്‌വെയറിൽ നിന്ന് വിവരങ്ങൾ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ച കത്ത് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) സാംബശിവ റാവു ആണ് വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത് നൽകിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഈ വിവര ശേഖരണമെന്ന് ചെന്നിത്തല ആരോപിച്ചു. എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ പേര്, ഫോൺ നമ്പർ, ഔദ്യോഗിക വിവരങ്ങൾ എന്നിവ കെ-സ്മാർട്ട് വഴി എക്സൽ ഷീറ്റുകളിലാക്കി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിവരങ്ങൾ പി.ആർ.ഡി സ്പെഷ്യൽ സെക്രട്ടറിക്ക് കൈമാറാനായിരുന്നു നിർദേശം.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശമില്ലാതെ അദ്ദേഹത്തിന്റെ ഓഫീസ് ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇത് വ്യക്തിവിവരങ്ങൾ സംരക്ഷിക്കണമെന്ന സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 12-നകം വിവരങ്ങൾ കൈമാറണമെന്നായിരുന്നു നിർദേശം. കഴിഞ്ഞ ഡിസംബറിലാണ് ഇത്തരമൊരു കത്ത് അയച്ചിരിക്കുന്നത്.

ഹൈക്കോടതി ജഡ്ജിമാർക്ക് വരെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതായും ഈ ഡാറ്റാ ദുരുപയോഗം വലിയ തോതിലുള്ള ചാരപ്പണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ കോടതി നേരിട്ട് ഇടപെട്ട് കേസെടുക്കാൻ ഉത്തരവിടണമെന്നും, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുകയാണെങ്കിൽ അവർക്കും മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഗതി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ ഡാറ്റ ഇത്തരത്തിൽ ചോർത്തുന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *