Home / Politics / ‘ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല’, ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു

‘ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല’, ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു

ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവും ഇടത് സഹയാത്രികനുമായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. ദീർഘകാലമായി എൽഡിഎഫിന്റെ നിരീക്ഷകനായി ചാനൽ സംവാദങ്ങളിൽ സജീവമായിരുന്നു റെജി ലൂക്കോസ്.

പഴയതും ദ്രവിച്ചതുമായ ആശയങ്ങൾക്ക് ഇനി പ്രസക്തിയിള്ള. കേരളത്തിലെ പുതിയ തലമുറ നാട് വിട്ടുപോവുകയാണ്. വൈകാതെ കേരളം ഒരു വൃദ്ധസദനമായി മാറും. ചെറുപ്പക്കാരെ ഇവിടെ തന്നെ പിടിച്ചുനിർത്താൻ പുതിയ വികസന കാഴ്ചപ്പാടുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് റെജി ലൂക്കോസ് വ്യക്തമാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അവിടെ കാണുന്ന വികസന മുന്നേറ്റങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും കേരളത്തിലും ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വർഗീയതയ്ക്കെതിരെ സംസാരിക്കുന്ന ഇടതുപക്ഷം കേരളത്തിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി വർഗീയ വിഭജനത്തിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷത്തിന്റെ ഇത്തരം വ്യതിയാനങ്ങൾ തന്നെ വല്ലാതെ ദുഖിപ്പിച്ചു. ഇനി അങ്ങോട്ട് ബിജെപിയുടെ ആശയങ്ങൾക്കൊപ്പം സഞ്ചരിക്കുമെന്നും പാർട്ടിയുടെ ശബ്ദമായി ചാനൽ ചർച്ചകളിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തന ശൈലിയും വികസന കാഴ്ചപ്പാടുകളും തന്നെ സ്വാധീനിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൈരളി ചാനലിലടക്കം നിരവധി പരിപാടികൾ ചെയ്തിട്ടുള്ള റെജി ലൂക്കോസ് കഴിഞ്ഞ 13 വർഷമായി കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *