നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് ഉൾപ്പെടെ കുറ്റവിമുക്തരാക്കപ്പെട്ട പ്രതികൾക്കെല്ലാം ഹൈക്കോടതി നോട്ടീസ് അയച്ചു. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ വഴിയാണ് നോട്ടീസ് കൈമാറിയത്.
വിചാരണക്കോടതിയുടെ ഗുരുതരമായ വീഴ്ചകൾ അക്കമിട്ടു നിരത്തുന്ന 300 പേജുള്ള അപ്പീലാണ് സർക്കാർ സമർപ്പിച്ചത്. കേസിലെ വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് അപ്പീൽ ചൂണ്ടിക്കാട്ടുന്നു.
ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് നിയമവിരുദ്ധവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ വെറുതെ വിട്ട വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ്. പ്രതികൾക്ക് അന്യായമായ ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം തുടങ്ങിയവയാണ് അപ്പീലിലെ പ്രധാന വാദങ്ങൾ. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ പറയുന്നു.
ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതി ദിലീപ്, ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് വിചാരണക്കോടതി വെറുതെ വിട്ടിരുന്നത്. ഈ വിധി റദ്ദാക്കണമെന്നും ഇവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ നടന്ന ആക്രമണത്തിൽ, ദീർഘകാലത്തെ നിയമനടപടികൾക്കൊടുവിൽ കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് വിചാരണക്കോടതി വിധി പ്രസ്താവിച്ചത്. പൾസർ സുനി അടക്കം ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവാണ് കോടതി വിധിച്ചിരുന്നത്.










