വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നാടകീയ സംഭവങ്ങൾ. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത ചടങ്ങിൽ സ്ഥാനാർത്ഥി ആർ. ശ്രീലേഖയുടെ പേര് പരാമർശിക്കാത്തതിനെത്തുടർന്ന് അവർ പ്രതിഷേധിച്ചു വേദിവിട്ടിറങ്ങി.
ഉദ്ഘാടന പ്രസംഗത്തിലുട നീളം കേന്ദ്രമന്ത്രി, സ്ഥാനാർത്ഥിയായ ആർ. ശ്രീലേഖയുടെ പേര് ഒരിടത്തും പരാമർശിച്ചില്ല. ഇതിൽ പ്രകോപിതയായ ശ്രീലേഖ പരിപാടിയുടെ ഇടയ്ക്ക് വച്ച് ഓഡിറ്റോറിയത്തിന് പുറത്തേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ശ്രീലേഖയുടെ പ്രതിഷേധം നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.
സ്ഥാനാർത്ഥി ഇറങ്ങിപ്പോയതോടെ പ്രവർത്തകർ പരിഭ്രാന്തരായി. ഇതറിയാതെ രാജീവ് ചന്ദ്രശേഖർ പ്രസംഗം തുടരുകയും ചെയ്തു. തുടർന്ന് പാർട്ടി ഭാരവാഹികൾ ഇടപെടുകയും ശ്രീലേഖയുമായി ദീർഘനേരം ചർച്ച നടത്തുകയും ചെയ്തു. ഒടുവിൽ നേതാക്കളുടെ അനുനയ നീക്കങ്ങൾക്കൊടുവിലാണ് അവർ വീണ്ടും സമ്മേളന വേദിയിലേക്ക് മടങ്ങിയെത്തിയത്.










