ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കേരള നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. പ്രതിഷേധം അതിരുകടന്നതോടെ അൻവർ സാദത്ത് എംഎൽഎ സ്പീക്കറുടെ ചേമ്പറിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് സഭയിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിൽ ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ചോദ്യോത്തര വേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധം കനക്കുന്നതിനിടെയാണ് ആലുവ എംഎൽഎ അൻവർ സാദത്ത് സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാനും ചേമ്പറിലേക്ക് പ്രവേശിക്കാനും ശ്രമിച്ചത്. ഉടൻ തന്നെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ ഇടപെട്ട് അദ്ദേഹത്തെ തടയുകയായിരുന്നു. ബാനറുകൾ താഴ്ത്തിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ മുന്നറിയിപ്പ് നൽകി. എന്നാൽ പ്രതിപക്ഷം പിന്മാറാൻ തയ്യാറാകാത്തതിനെത്തുടർന്ന് സ്പീക്കർ സീറ്റിൽ നിന്നും എഴുന്നേറ്റു പോയി.
പ്രതിപക്ഷത്തിന് ഉന്നയിക്കാൻ ഗൗരവകരമായ വിഷയങ്ങളില്ലാത്തതിനാലാണ് സഭയിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. അടിയന്തര പ്രമേയം പോലും അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിന് സമീപമെത്തി പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചതോടെ സഭ പ്രക്ഷുബ്ധമായി.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഉന്നതരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും ആരോപിച്ച് വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.










