തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഇരട്ടപ്പദവി വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും കാർഷിക ഉത്പാദന കമ്മീഷണറുമായ ഡോ. ബി. അശോക് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി കെ. ജയകുമാറിനും എതിർകക്ഷികൾക്കും നോട്ടീസ് അയച്ചു.
സർക്കാർ സർവീസിലിരിക്കെ അല്ലെങ്കിൽ സർക്കാർ ശമ്പളം പറ്റുന്ന പദവിയിലിരിക്കെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (IMG) ഡയറക്ടറായി പ്രവർത്തിച്ചു വരവേയാണ് കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചത്. തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം, സർക്കാർ ശമ്പളം കൈപ്പറ്റുന്ന ഒരാൾക്ക് ദേവസ്വം ബോർഡ് അംഗമാകാൻ യോഗ്യതയില്ലെന്നാണ് ബി. അശോക് വാദിക്കുന്നത്. ദേവസ്വം ബോർഡിന്റെ സ്വയം ഭരണാധികാരത്തെ ബാധിക്കുന്നതാണ് ഈ നിയമനമെന്നും ഹർജിയിൽ പറയുന്നു.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കെ. ജയകുമാർ, ദേവസ്വം സെക്രട്ടറി, ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി, ഐഎംജി സെക്രട്ടറി എന്നിവരോട് അടുത്ത വർഷം ജനുവരി 15-ന് ഹാജരാകാൻ നിർദ്ദേശിച്ചു.
അതേസമയം, താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കെ. ജയകുമാർ പ്രതികരിച്ചു. ദേവസ്വം ബോർഡിൽ നിന്ന് താൻ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റുന്നില്ലെന്നും, ഒരേസമയം രണ്ട് സ്ഥലങ്ങളിൽ നിന്ന് പ്രതിഫലം വാങ്ങുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎംജി ഡയറക്ടർ പദവിയിൽ പകരക്കാരനെ നിയമിക്കുന്നതുവരെ മാത്രമാണ് തുടരുന്നതെന്നും, ഐഎംജി ഒരു സ്വയംഭരണ സ്ഥാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുൻ ചീഫ് സെക്രട്ടറിയായ കെ. ജയകുമാറിനെ സർക്കാർ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.










