കിഫ്‌ബി (Kerala Infrastructure Investment Fund Board) മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഈ വർഷം ജൂൺ 27നാണ് പരാതി ഫയൽ ചെയ്തതെന്നും ഭൂമി വാങ്ങാൻ 466.19 കോടി രൂപ മസാല ബോണ്ടിൽ നിന്ന് വിനിയോഗിച്ചുവെന്നുമാണ് ഇഡിയുടെ വിശദീകരണം. ഇത് ആർബിഐ (RBI) നിർദേശങ്ങൾക്ക് വിരുദ്ധമാണ്. ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനത്തിനൊപ്പം ഫെമ (Foreign Exchange Management Act) ലംഘനവും ഉണ്ടെന്ന് കണ്ടെത്തിയതായി ഇഡി വ്യക്തമാക്കുന്നു.
ഈ ലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി ഫയൽ ചെയ്തത്. ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തത്. തുടർ നടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കിഫ്ബി സിഇഓ എന്ന നിലയിൽ കെഎം എബ്രഹാമിനും കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനും നോട്ടീസ് നൽകിയത്.
അതേസമയം, ഒരു തരത്തിലും ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടി. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് ഐസക് കുറ്റപ്പെടുത്തി. മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നത് പുതിയ ആരോപണമാണ്, അത് തെറ്റാണ്. ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും ഐസക് പറഞ്ഞു.
എന്നാൽ, ഇഡി വിശദീകരണത്തിൽ പറയുന്നത് ഫെമ ലംഘനം കണ്ടെത്തിയിട്ടുണ്ടെന്നാണ്. 2600 കോടിയിലധികം രൂപയുടെ മസാല ബോണ്ട് ഇറക്കി. ഇതിൽ 466.19 കോടി രൂപ ഭൂമി വാങ്ങാൻ ഉപയോഗിച്ചു. ഈ നടപടിയാണ് ആർബിഐ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമെന്ന് ഇഡിയുടെ വിശദീകരണം.










