Home / Politics / കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ പിണറായിക്കും ഐസക്കിനും ഇ ഡി നോട്ടീസ്

കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ പിണറായിക്കും ഐസക്കിനും ഇ ഡി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധന മന്ത്രിയുമായ തോമസ് ഐസക്ക് എന്നിവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കൽ നോട്ടീസ്.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ടാണ് അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്.

മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചുവെന്നതിൽ അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കും ഐസക്കിനും നോട്ടീസ് നൽകിയ മറ്റുള്ളവർക്കും നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഡൽഹിയിലാണ് ഇ ഡിയുടെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഓഫീസ്.

ഇഡി (ED) റിപ്പോർട്ട് അതോറിറ്റി പരിശോധിക്കും. മുഖ്യമന്ത്രി അടക്കമുള്ള നാല് എതിർകക്ഷികളുടെ വാദം കേൾക്കും. ഫെമ നിയമലംഘനം ഉണ്ടെന്ന് തെളിഞ്ഞാൽ കിഫ്‌ബിയിൽ നിന്ന് പിഴ ഈടാക്കും. സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ഉത്തരിവിടാൻ കഴിയും.

അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഉത്തരവിട്ടാലും കിഫ്‌ബിക്ക് ഇതിനെ നിയമപരമായി ചോദ്യം ചെയ്യാനാവും. മൂന്നംഗ സമിതിയാണ് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി. ഇഡിയുടെ ആരോപണം ശരിയാണോ എന്നാണ് സമിതി പരിശോധിക്കുക. ശരിയാണെന്ന് അതോറിറ്റി കണ്ടെത്തിയാൽ കിഫ്‌ബിക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം.

Tagged:

Leave a Reply

Your email address will not be published. Required fields are marked *