Home / Politics / തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ദശാബ്ദങ്ങൾ പഴക്കമുള്ള തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിന് വീണ്ടും തിരിച്ചടി. കേസിൽ തനിക്ക് ലഭിച്ച ശിക്ഷ മരവിപ്പിക്കണമെന്നും വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ഹർജിയിൽ വിധി പ്രസ്താവിച്ചത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം നിലവിലുള്ള അയോഗ്യത തുടരുന്നതിനാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്റണി രാജുവിന് മത്സരിക്കാനാവില്ല.

തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ വിധി നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, രാഷ്ട്രീയ ഭാവി തകർക്കാൻ കെട്ടിച്ചമച്ച കേസാണിതെന്ന ആന്റണി രാജുവിന്റെ വാദം കോടതി അംഗീകരിച്ചില്ല. കുറ്റക്കാരനാണെന്ന വിധി മരവിപ്പിക്കാൻ മതിയായ കാരണങ്ങളില്ലെന്ന് നിരീക്ഷിച്ച കോടതി, നെടുമങ്ങാട് കോടതിയുടെ വിധി ശരിവെച്ച തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു.

1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയതിന് പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കിയെന്നും ഇതുവഴി പ്രതിയെ കോടതി വിട്ടയക്കാൻ സാഹചര്യമൊരുക്കിയെന്നുമാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. നീതിനിർവഹണ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന അതീവ ഗുരുതരമായ കുറ്റമാണിതെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *