Home / Kerala / പിണറായിയിൽ സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു

പിണറായിയിൽ സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു

കണ്ണൂർ പിണറായിയിൽ ഉച്ചയോടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. സിപിഎം പ്രവർത്തകനായ വിപിൻ രാജിനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇയാളെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ വെണ്ടുട്ടായി കനാൽ കരയിൽ, വിപിൻ രാജിന്റെ വീടിന് സമീപത്താണ് സ്ഫോടനം നടന്നത്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, പൊട്ടാത്ത പടക്കം കയ്യിലെടുത്തപ്പോൾ പൊട്ടുകയായിരുന്നുവെന്നാണ് വിപിൻ രാജ് പോലീസിന് നൽകിയ മൊഴി.

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനടുത്ത് നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. കനാൽ കരയിലുള്ള കോൺഗ്രസ് ഓഫീസ് ബോംബെറിഞ്ഞ് തകർത്തതുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് പരുക്കേറ്റ വിപിൻ രാജ്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂർ, പാറാട്, കുന്നോത്തുപറമ്പ് മേഖലകളിൽ സംഘർഷാവസ്ഥ നിലനിൽക്കെയാണ് പിണറായിയിലുണ്ടായ ഈ സ്ഫോടനം. കുന്നോത്തുപറമ്പിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം സ്തൂപം തകർത്ത സംഭവത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ കൊലവിളി പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ബോംബുകൾ കൈവശം വച്ചിരിക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്ന സാഹചര്യത്തിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *