Home / Global / ടെക്സസ് മണ്ഡലങ്ങൾ പുനഃക്രമീകരിക്കാനുള്ള ബിൽ ജനപ്രതിനിധി സഭ പാസാക്കി

ടെക്സസ് മണ്ഡലങ്ങൾ പുനഃക്രമീകരിക്കാനുള്ള ബിൽ ജനപ്രതിനിധി സഭ പാസാക്കി

ഓസ്റ്റിൻ ∙ ടെക്സസിലെ അഞ്ച് ഡെമോക്രാറ്റിക് കോൺഗ്രഷണൽ ജില്ലകൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമാകുന്ന തരത്തിൽ മണ്ഡലങ്ങൾ പുനഃക്രമീകരിക്കാനുള്ള ബിൽ ടെക്സസ് ജനപ്രതിനിധി സഭ പാസാക്കി. ഏറെക്കാലമായി നീണ്ടുനിന്ന രാഷ്ട്രീയ തർക്കങ്ങൾക്കും ലോബിയിങ്ങിനും ശേഷമാണ് ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പിനിടെ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയത്.

ഈ നീക്കം 2026-ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് യുഎസ് കോൺഗ്രസിൽ ഭൂരിപക്ഷം നേടാൻ സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഡെമോക്രാറ്റുകൾ ഈ നടപടിയെ ‘ജെറിമാൻഡറിങ്’ (രാഷ്ട്രീയ നേട്ടങ്ങൾക്കായി മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റിയെഴുതുന്ന പ്രക്രിയ) എന്ന് വിശേഷിപ്പിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചു. സാധാരണയായി ഓരോ പത്തുവർഷം കൂടുമ്പോഴും സെൻസസിന് ശേഷമാണ് റീഡിസ്ട്രിക്ടിങ് നടത്താറുള്ളത്. കഴിഞ്ഞ റീഡിസ്ട്രിക്ടിങ് 2021-ൽ നടന്നതിനാൽ, ഈ നീക്കം അസാധാരണമാണെന്നും ആരോപണമുണ്ട്.

52-നെതിരെ 88 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇത് ഇരു പാർട്ടികൾക്കുമിടയിലുള്ള ശക്തമായ ഭിന്നത വ്യക്തമാക്കുന്നു. ബിൽ പാസാക്കാൻ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പ്രത്യേക താൽപര്യമെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. സ്പെഷ്യൽ സെഷൻ വിളിച്ചു ചേർത്താണ് ബിൽ പാസാക്കിയത്. ഈ ബില്ലിന് പ്രസിഡന്റിന്റെ പിന്തുണയുമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഡോണൾഡ് ട്രംപ് തന്നെ റീഡിസ്ട്രിക്ടിങ് നടന്നാൽ റിപ്പബ്ലിക്കൻമാർക്ക് അഞ്ച് സീറ്റുകൾ അധികമായി ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.

ഈ പുതിയ അതിർത്തി നിർണയം പ്രാബല്യത്തിൽ വരുന്നതോടെ നോർത്ത് ടെക്സാസ്, ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ, സൗത്ത് ടെക്സസ് എന്നിവിടങ്ങളിലെ മണ്ഡലങ്ങളിൽ മാറ്റങ്ങൾ വരും. 2024-ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് ജൂലി ജോൺസൺ വിജയിച്ച ഫാർമേഴ്‌സ് ബ്രാഞ്ച് മണ്ഡലത്തിലും, മാർക്ക് വീസിയുടെ ഫോർട്ട് വർത്ത് മണ്ഡലത്തിലും ഈ മാറ്റങ്ങൾ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് റിപ്പബ്ലിക്കൻ പാർട്ടി ചൂണ്ടിക്കാട്ടുന്നു.

2024-ലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ അനുസരിച്ച്, നോർത്ത് ടെക്സസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, സാൻ അന്റോണിയോ എന്നിവിടങ്ങളിൽ ഓരോ സീറ്റും സൗത്ത് ടെക്സസിലെ രണ്ട് സീറ്റുകളും ഉൾപ്പെടെ ആകെ അഞ്ച് സീറ്റുകൾ ഡെമോക്രാറ്റുകൾക്ക് നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പബ്ലിക്കൻ പാർട്ടി പ്രതീക്ഷിക്കുന്നു. നിലവിൽ ടെക്സസ് നിയമസഭയിൽ ഇരു പാർട്ടികളും തമ്മിലുള്ള ചേരിതിരിവ് വളരെ രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *