പണിമുടക്കിന്റെ കാരണങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുയുഗ യാത്രയും പണിമുടക്കുമായി ഒരു ബന്ധവുമില്ല. യാത്രയിലും പണമുടക്കിന്റെ കാരണങ്ങളെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കുമെന്ന് പുതുയുഗ യാത്രയുടെ ഭാഗമായി കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് കേരളത്തില്‍ അല്ലാതെ ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോ? പണിമുടക്കിനെ ഹര്‍ത്താലും ബന്ദുമാക്കി മാറ്റുന്നത് ശരിയാണോയെന്ന ചോദ്യം ചര്‍ച്ചയ്ക്കായി പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കുകയാണ്. പണിമുടക്ക് ഹര്‍ത്താലും ബന്ദും പോലെയാക്കി ജനജീവിതം സ്തംഭിപ്പിക്കുന്നത് കാലഹരണപ്പെട്ടതാണോയെന്ന് ജനം ചര്‍ച്ച ചെയ്യട്ടെ. ഏത് ദേശീയ പണിമുടക്ക് വന്നാലും കേരളത്തില്‍ മാത്രമാണ് അത് ബന്ദും ഹര്‍ത്താലുമാകുന്നത്. കാലഹരണപ്പെട്ട കുറെ കാര്യങ്ങള്‍ മാറേണ്ടതുണ്ട്. സി.പി.എം ഭരിച്ചിരുന്ന കാലത്ത് ബംഗാളിലും ത്രിപുരയിലും പോലും പണിമുടക്കുകള്‍ ഹര്‍ത്താലാക്കി മാറ്റാറില്ലായിരുന്നു.
പാവങ്ങള്‍ എന്ന വാക്ക് മലയാള ഭാഷയില്‍ ഉണ്ടാകില്ലെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനയിലൂടെ സി.പി.എം ജനങ്ങളെ കബളിപ്പിക്കുകയാണ്. വേറെ ഏതോ ലോകത്തിലാണ് അദ്ദേഹം. ഭൂമിയിലല്ല. ഭൂമിയിലേക്ക് തിരിച്ച് വരണമെന്നതാണ് അദ്ദേഹത്തോടുള്ള അഭ്യര്‍ത്ഥന. നിലത്ത് കാല് കുത്തിയിട്ട് സംസാരിച്ചാല്‍ നല്ലതായിരുന്നു. മൂന്ന് ജനപ്രതിനിധികള്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയുള്ളൂവെന്നാണ് ഇന്നലെ ഗോവിന്ദന് പറഞ്ഞത്. പതിനെട്ടര ലക്ഷം രൂപയാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ നല്‍കിയത്. എന്നിട്ടാണ് സി.എം.ഡി.ആര്.എഫില്‍ പണം നല്‍കരുതെന്ന് യു.ഡി.എഫ് പറഞ്ഞെന്ന പ്രചരണം നടത്തുന്നത്.
കോണ്‍ഗ്രസ് വലതുപക്ഷമല്ല, നെഹ്റൂവിയന്‍ ലെഫ്റ്റാണ്.കോണ്‍ഗ്രസും യു.ഡി.എഫും ഒരുകാലത്തും വലതുപക്ഷമായിട്ടില്ല. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി സമരം ചെയ്ത് പോരാടി എടുത്ത അവകാശമാണ് ജീവനക്കാരുടെ ഡി.എ. എന്നിട്ടാണ് ഈ സര്‍ക്കാര്‍ ഡി.എ അവകാശമല്ലെന്ന സത്യവാങ്മൂലം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നല്‍കിയത്. അങ്ങനെയാണെങ്കില്‍ എട്ടു മണിക്കൂര്‍ ജോലിയും അവകാശമല്ലെന്ന് ഇവര്‍ നാളെ പറയും. ബി.ജെ.പി ഇപ്പോഴെ പറയുന്നുണ്ട്. അതാണ് അവരുടെ രീതി. ഡി.എ അവകാശമല്ലെന്നു പറഞ്ഞ സി.പി.എമ്മും സര്‍ക്കാരും ഇടതുപക്ഷമല്ല.
മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യമാണ് ഊതി വീര്‍പ്പിച്ചത്. സമയം വൈകിയതു കൊണ്ട് പ്രസംഗിക്കാന്‍ പ്രതിപക്ഷ നേതാവിനെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞത് ഷാഫി പറമ്പില്‍ എം.പിയാണ്. ഇന്നലെ ബാലുശേരിയില്‍ രാത്രി 9.58 നാണ് എന്റെ പ്രസംഗം അവസാനിച്ചത്. തിരക്ക് കാരണം പല സ്ഥലത്തും ഉദ്ദേശിച്ച സ്ഥലത്ത് എത്താനാകുന്നില്ല. കുറ്റ്യാടിയില്‍ എത്തിയപ്പോള്‍, പ്രതിപക്ഷ നേതാവിനെ വിളിച്ചാല്‍ മതി വേഗം തീര്‍ക്കെന്ന് പറഞ്ഞു. അപ്പോള്‍ ഷാഫി സംസാരിച്ചെ പറ്റൂവെന്ന് പ്രമോദ് പറഞ്ഞു. വേണ്ടെന്നു പറഞ്ഞ് പ്രമേദിനെ പിടിച്ചു മാറ്റി. മുല്ലപ്പള്ളി രാമചന്ദ്രന് വീണു പോയെന്നു വരെ ഒരു പ്രധാന മാധ്യമം വാര്‍ത്ത നല്കി. പച്ചക്കള്ളം പറഞ്ഞാല്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.










