കെ ബി ഗണേഷ്‌കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ നേരിട്ട് വിളിച്ച മന്ത്രി, തൻ്റെ പരാമർശങ്ങളിൽ ക്ഷമാപണം നടത്തിയതോടെയാണ് നാടകീയ വഴിത്തിരിവുണ്ടായത്. വിവാദങ്ങൾ ഇതോടെ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ പ്രതികരിച്ചു.
കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനായി വാളകത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപാണ് ഗണേഷ്‌കുമാർ ഭാര്യയെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചത്. ഇതിനുപിന്നാലെ, മന്ത്രി തന്നോട് ക്ഷമ ചോദിച്ചെന്നും തനിക്ക് ഇനി പരാതികളില്ലെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഗണേഷിനെ ഇട്ടെറിഞ്ഞു പോകാൻ തനിക്കാവില്ലെന്നും അത്രമേൽ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നും വൈകാരികമായാണ് അവർ പ്രതികരിച്ചത്.
വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ടെന്നും തനിക്ക് പ്രണയമുണ്ടെന്നും കഴിഞ്ഞ ദിവസം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടാകും,” എന്ന മന്തിയുടെ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. എന്നാൽ ബിന്ദു മേനോൻ പരസ്യമായി രംഗത്തെത്തിയത് ഗണേഷ്‌കുമാറിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. എൽ ഡി എഫി നെ നയിക്കുന്ന സിപിഎമ്മിനേയും ഇതു പ്രതിരോധത്തിലാക്കിയിരുന്നു. ഘടകകക്ഷികൾ ഉൾപ്പെടെയുള്ളവർ വിഷയം അതീവ ഗൗരവകരമാണെന്ന് വിലയിരുത്തിയതോടെയാണ് പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ നീക്കമുണ്ടായത്.
മന്ത്രി ക്ഷമ ചോദിക്കാതെ തന്നെ ആക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതിലുള്ള വൈകാരികമായ പ്രതികരണമായിരുന്നു തൻ്റേതെന്ന് ബിന്ദു മേനോൻ പിന്നീട് വിശദീകരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെയും ഇന്ന് തന്നെയുമാണ് വിളിച്ചതെന്നും ഇതോടെ പ്രശ്നങ്ങൾ അവസാനിച്ചതായും അവർ കൂട്ടിച്ചേർത്തു.










