മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരെ കടുത്ത വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രി സ്ഥാനത്തിരിക്കുമ്പോൾ പാലിക്കേണ്ട കുറഞ്ഞ നിലവാരമെങ്കിലും ഗണേഷ് കുമാർ പുലർത്തണമെന്നും ഇത്രയും വഷളായ പ്രവൃത്തികൾ ചെയ്ത മറ്റൊരു മന്ത്രി കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായെന്ന വാർത്തകൾക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
മന്ത്രിസഭയിലെ ‘പുഴുക്കുത്ത്’ എന്നാണ് ഗണേഷ് കുമാറിനെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. “ഗണേഷ് പെണ്ണിനോടും പൊന്നിനോടും ഏറെ താത്പര്യമുള്ളയാളാണ്. ഭാര്യ പരാതി പിൻവലിച്ചു എന്നതുകൊണ്ട് മാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ല. ഒരു പൊതുപ്രവർത്തകൻ സമൂഹത്തിൽ കാണിക്കേണ്ട മിനിമം മാന്യതയോ മര്യാദയോ അദ്ദേഹം കാട്ടിയിട്ടില്ല. ദാർഷ്ട്യവും മാടമ്പിത്തരവുമാണ് അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ളത്,” വെള്ളാപ്പള്ളി പറഞ്ഞു.
അയ്യായിരം പേരെ പ്രണയിക്കുമെന്ന് പറയുന്നത് തലയിൽ ആൾതാമസമില്ലാത്തവരാണെന്നും ഇത്തരമൊരു സംഭവം സർക്കാരിനുണ്ടായ വലിയ അപചയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാദി പരാതി പിൻവലിച്ചാലും വിഷയം ഇല്ലാതാകുന്നില്ലെന്നും, ജനങ്ങൾക്ക് തൃപ്തികരമായ കർശനമായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി ഗണേഷ് കുമാറിനെ കൊട്ടാരക്കര വാളകത്തെ വീട്ടിൽ വച്ച് മറ്റൊരു സ്ത്രീക്കൊപ്പം പറയാൻ പറ്റാത്ത തരം മോശമായ സാചര്യത്തിൽ കണ്ടുവെന്നും അതിന്റെ ഫോട്ടോകൾ താൻ എടുത്തൂവെന്നും ബിന്ദു മേനോൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ഗണേഷ് കുമാർ നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതോടെ പരാതിയില്ലെന്ന് പറഞ്ഞ് ബിന്ദു മേനോൻ രംഗത്തെത്തുകയായിരുന്നു.










