Home / Politics / ആഗോള അയ്യപ്പ സംഗമം; വിശ്വാസത്തിന്റെ മറവിൽ നടന്ന കണക്കില്ലാ കളികൾ

ആഗോള അയ്യപ്പ സംഗമം; വിശ്വാസത്തിന്റെ മറവിൽ നടന്ന കണക്കില്ലാ കളികൾ

സംസ്ഥാന സർക്കാർ പമ്പയുടെ തീരത്ത് ആഘോഷമായി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് മേൽ ഇപ്പോൾ സാമ്പത്തിക ക്രമക്കേടുകളുടെ കരിനിഴൽ വീണിരിക്കുകയാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ഒരുമിപ്പിക്കാനെന്ന അവകാശ വാദം പറഞ്ഞ് തിരുവിതാകൂർ ദേവസ്വം ബോർഡ് നടത്തിയ അയ്യപ്പ സംഗമം, സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന നിരവധി ആരോപണങ്ങളാണ് നേരിടുന്നത്. . പുറത്തുവരുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളിലേക്കും സുതാര്യതയില്ലാത്ത ഇടപാടുകളിലേക്കുമാണ്.

തട്ടിപ്പിന്റെ ആഴം വ്യക്തമാകുന്നത് ‘നടക്കാത്ത പരിപാടികൾക്ക്’ ലക്ഷങ്ങൾ ‘ചിലവാക്കി’ എന്നറിയുമ്പോഴാണ്. നടത്താത്ത ഭജനയുടെ പേരിൽ എട്ട് ലക്ഷം രൂപയാണ് കണക്കുകളിൽ കാണിക്കുന്നത്. ‘നന്ദഗോവിന്ദം ഭജൻസ്’ എന്ന സംഘം പരിപാടിയിൽ പങ്കെടുക്കുകയോ അവരെ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ അവരുടെ പേരിൽ എട്ട് ലക്ഷം രൂപയുടെ ബില്ല് കണക്കിൽപ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപ മാത്രം ബജറ്റ് നിശ്ചയിച്ചിരുന്ന കലാപരിപാടികൾക്ക് ഇത്രയും വലിയ തുക എങ്ങനെ എഴുതിച്ചേർത്തു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

ചെലവുകളുടെ കാര്യത്തിൽ യാതൊരു നിയന്ത്രണമോ മാനദണ്ഡമോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് മറ്റു കണ്ടെത്തലുകൾ. ടെൻഡർ നടപടികൾ പോലും പാലിക്കാതെയാണ് പല പ്രമുഖ കരാറുകളും നൽകിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സഹസ്ഥാപനത്തിന് 10 ശതമാനം അധിക നിരക്കിൽ കരാർ നൽകിയതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനുപുറമെ, വിശിഷ്ടാതിഥികൾക്കായി വാങ്ങിയ 150 മെത്തകളിൽ 50 എണ്ണം എവിടെപ്പോയി എന്നതിനെക്കുറിച്ചും ആർക്കും അറിവില്ല. മുഖ്യമന്ത്രിയുടെ വിശ്രമത്തിനായി കട്ടിലും മെത്തയും വാങ്ങിയ ഇനത്തിൽ മാത്രം ഒരു ലക്ഷം രൂപ ചെലവാക്കിയതായും കണക്കുകൾ പറയുന്നു.

ഭക്ഷണത്തിന്റെ കാര്യത്തിലും കണക്കുകൾ തമ്മിൽ വലിയ പൊരുത്തക്കേടാണുള്ളത്. അയ്യപ്പ സംഗമം നടന്ന ദിവസം രാത്രിയിൽ 3000 പേർ ഭക്ഷണം കഴിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ 500-ൽ താഴെ ആളുകൾ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ എന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉച്ചഭക്ഷണത്തിനായി എട്ടര ലക്ഷം രൂപ ചെലവായതായും കണക്കിലുണ്ട്.

ജിഎസ്ടി ഇടപാടുകളിലും ദേവസ്വം ബോർഡിന് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. അർഹമായ ഇൻപുട്ട് ക്രെഡിറ്റ് തുക കൃത്യമായി രേഖപ്പെടുത്താത്തതു വഴി ബോർഡിന് ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ നഷ്ടമായ അവസ്ഥയാണുള്ളത്. സ്പോൺസർഷിപ്പ് വഴി ലഭിക്കുമെന്ന് കരുതിയ തുക പലരും നൽകാതിരുന്നതും ബോർഡിനെ ഏകദേശം 3.40 കോടി രൂപയുടെ നഷ്ടത്തിലാക്കിയിട്ടുണ്ട്. ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദം വന്നതോടെയാണ് പല സ്പോൺസർമാരും പിന്മാറിയതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

ഹൈക്കോടതി ഈ വിഷയത്തിൽ കർശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മ നടന്നുവെന്ന് നിരീക്ഷിച്ച കോടതി, പത്ത് ദിവസത്തിനകം കൃത്യമായ കണക്കുകൾ സമർപ്പിക്കാൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്തരുടെ പണവും ദേവസ്വം ഫണ്ടും ഇത്തരത്തിൽ അശാസ്ത്രീയമായി വിനിയോഗിച്ചത് ഭക്തർക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *