Home / Politics / ‘ശബരിമലയിലെ കവര്‍ച്ചക്കാര്‍ക്കും കൊള്ളക്കാര്‍ക്കും സര്‍ക്കാരും സി.പി.എമ്മും കുടപിടിക്കുന്നു,’ വി ഡി സതീശൻ

‘ശബരിമലയിലെ കവര്‍ച്ചക്കാര്‍ക്കും കൊള്ളക്കാര്‍ക്കും സര്‍ക്കാരും സി.പി.എമ്മും കുടപിടിക്കുന്നു,’ വി ഡി സതീശൻ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കള്‍ക്കെതിരെ എന്തുകൊണ്ടാണ് അച്ചടക്ക നടപടി സ്വീകരിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതിയും സുപ്രീം കോടതിയും ശക്തമായ ഭാഷയിലാണ് പ്രതികളുടെ ജാമ്യം വിലക്കിയത്. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചെന്നും അയ്യപ്പന്റെ ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റെന്നും അതിന് പകരമായി ചെമ്പില്‍ മോള്‍ഡുണ്ടാക്കി തിരിച്ച് കൊണ്ടുവന്നെന്നും പ്രതികള്‍ നിരവധി ദിവസം ജയിലില്‍ കിടക്കുകയും കുറ്റപത്രം സമര്‍പ്പിക്കാത്തത് കൊണ്ട് മാത്രം ജാമ്യം ലഭിക്കുകയും ചെയ്തു. എന്തുകൊണ്ടാണെന്ന് നടപടി സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറവൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അങ്ങനെയുള്ളവരെ എന്തുകൊണ്ടാണ് സി.പി.എം സംരക്ഷിക്കുന്നത്. ഇതുപോലൊരു കവര്‍ച്ച കേസില്‍ പ്രതികളായ നേതാക്കള്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായി ഇരിക്കുകയാണ്. ഏത് പാര്‍ട്ടിയാണെങ്കിലും ഇത്തരം കേസുകലില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതിനേക്കാള്‍ നിസാരമായ കേസുകളില്‍പ്പെടുന്നവര്‍ക്കെതിരെ പോലും നടപടി സ്വീകരിക്കുമ്പോള്‍ ശബരിമല ശാസ്താവിന്റെ സ്വര്‍ണം കട്ടെടുത്ത ഗുരുതര കുറ്റകൃത്യം ചെയ്തവരെ സി.പി.എം എന്തുകൊണ്ടാണ് സംരക്ഷിക്കുന്നത്? മുന്‍ മന്ത്രിയുടെയും ഇപ്പോഴത്തെ മന്ത്രിയുടെയും പേരുകള്‍ പറയുമെന്ന് കരുതിയാണോ സി.പി.എം പ്രതികളെ സംരക്ഷിക്കുന്നത്? എന്ത് സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലുള്ളതെന്ന് കേരളത്തോട് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമുണ്ട്. ശബരിമലയിലെ കവര്‍ച്ചക്കാര്‍ക്കും കൊള്ളക്കാര്‍ക്കും സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കുന്ന സര്‍ക്കാരാണിത്.

പ്രതികള്‍ ജയില്‍ മോചിതരായപ്പോള്‍ ചുവന്ന മാലയിട്ട് സ്വീകരിക്കാന്‍ സി.പി.എം പോകാത്തത് കേരളത്തിന്റെ ഭാഗ്യം. പക്ഷെ സി.പി.എം അവരെ ആശ്വസിപ്പിക്കുകയും കൂടെയുണ്ടെന്ന വാക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. തിരഞ്ഞെടുപ്പ് ആയപ്പോള്‍ എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറയണം. കേരളത്തിലെ ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മറുപടി പറയണം.

എഫ്.സി.ആര്‍.എ നിയമ ഭേദഗതി

കേന്ദ്ര സര്‍ക്കാരിന്റെ മുഖമുദ്ര വര്‍ഗീയവാദമാണോ അതോ ന്യൂനപക്ഷ വിരോധമാണോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് എഫ്.സി.ആര്‍.എ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടു വരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഉപദ്രവിക്കുന്ന തരത്തിലുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റില്‍ കൊണ്ടു വന്നിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ലൈസന്‍സ് പുതുക്കാന്‍ വൈകുകയോ പുതുക്കി നല്‍കാതിരിക്കുകയോ ചെയ്താല്‍ സംഘടനകളും ആസ്തികള്‍ കേന്ദ്ര സര്‍ക്കാരിന് പിടിച്ചെടുക്കാനുള്ള അവസരമാണ് നിയമഭേദഗതിയിലൂടെ കൊണ്ട് വരുന്നത്.

ബുള്‍ഡോസര്‍ കൊണ്ട് വീടുകള്‍ ഇടിച്ചു നിരത്തിയതു ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ് എഫ്.സി.ആര്‍.എ നിയമം. മതപരിവര്‍ത്തന വിരുദ്ധ നിയമമുണ്ടാക്കി വാദികളെ പോലും അറസ്റ്റു ചെയ്യുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ ഈ നിയമം കൂടി പാസാക്കിയാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ ഉപദ്രവിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം അഴിച്ചു വിടുകയും ചെയ്യും. നിയമ നിര്‍മ്മാണത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുകയാണ്.

വെള്ളാപ്പള്ളി നടേശന്‍

വെള്ളാപ്പള്ളി നടേശന്‍ ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പേര് കൂടി പറഞ്ഞു. അപ്പോള്‍ യു.ഡി.എഫ് ജയിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. അതില്‍ വളരെയധികം സന്തോഷമുണ്ട്. എന്നെ കുറിച്ച് അദ്ദേഹം എന്തു പറഞ്ഞാലും കുഴപ്പമില്ല. അതിലും മോശം വാക്കുകള്‍ അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ തവളയെ പോലെ ചീര്‍ത്തെന്നും ഞാന്‍ പന്നനാണെന്നും വൃത്തികെട്ടവനാണെന്നും പറഞ്ഞു. 90 വയസായ അദ്ദേഹത്തോട് ഞാന്‍ എന്തിനാണ് മറുപടി പറയുന്നത്? ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അദ്ദേഹം എന്നെ പറഞ്ഞതൊക്കെ ഇല്ലാതാകും.

എന്നോടുള്ള വിരോധം കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് പറഞ്ഞതെങ്കിലും യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. അദ്ദേഹം എന്നെ വ്യക്തിപരമായി കുറ്റപ്പെടുത്തിയതാണ്. അല്ലാതെ കോണ്‍ഗ്രസിനെയല്ല. നൂറിലധികം സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തും. എല്ലാ തിരഞ്ഞെടുപ്പുകളിലെയും വിജയം മുന്‍നിര്‍ത്തിയാണ് 2001ലെ വിജയം ഉണ്ടാകുമെന്ന് പറയുന്നത്. കേരളത്തില്‍ യു.ഡി.എഫ് തരംഗമെന്ന് പുതുയുഗ യാത്രയില്‍ വ്യക്തമായതാണ്. എല്ലാ വീടുകളിലും ഗ്യാരണ്ടി കാര്‍ഡ് എത്തിക്കുന്നുണ്ട്. എല്ലാ പൊതുയോഗങ്ങളിലും അതേക്കുറിച്ച് സംസാരിക്കുന്നുണ്ട്.

നേമത്തെ മത്സരം

നേമത്ത് ശബരീനാഥാണ് മത്സരിക്കുന്നതെന്ന് ശിവന്‍കുട്ടി മനസിലാക്കണം. പാലക്കാട് 18000 വോട്ടിണ് വിജയിച്ചത്. അവിടെ സി.പി.എം പരിതാപകരമായ മൂന്നാം സ്ഥാനത്താണ്. നേമത്ത് അവസാന റൗണ്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാകും മത്സരം. പാലക്കാട് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. കാരണം സി.പി.എമ്മിന്റെ വോട്ട് വ്യത്യാസം വളരെ പിന്നിലാണ്. പാലക്കാട് തിരഞ്ഞെടുപ്പിലും മാധ്യമങ്ങള്‍ പറഞ്ഞതല്ല ശരിയായത്. അവിടെ യു.ഡി.എഫ് പറഞ്ഞ് ഭൂരിപക്ഷം ലഭിച്ചും. നിലമ്പൂരും തൃക്കാക്കരയിലും പുതുപ്പള്ളിയിലും നിലമ്പൂരിലും പ്രചിച്ച ഭൂരിപക്ഷം തന്നെ ലഭിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *